ചൈനാമാന് മുമ്പില്‍ ഉത്തരമില്ലാതെ കടുവകള്‍; ഇന്ത്യന്‍ ഗര്‍ജനത്തില്‍ ബംഗ്ലാദേശ് ചാരം
Sports News
ചൈനാമാന് മുമ്പില്‍ ഉത്തരമില്ലാതെ കടുവകള്‍; ഇന്ത്യന്‍ ഗര്‍ജനത്തില്‍ ബംഗ്ലാദേശ് ചാരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 11:04 am

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. 188 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 324 റണ്‍സിന് പുറത്താക്കിയതോടെയാണ് ഇന്ത്യ 188 റണ്‍സിന്റെ വിജയമാഘോഷിച്ചത്.

അവസാന ദിവസം നാല് വിക്കറ്റ് കയ്യിലിരിക്കെ 90 ഓവറില്‍ 241 റണ്‍സ് നേടിയാല്‍ വിജയിക്കാം എന്നുറപ്പിച്ചാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്. എന്നാല്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റും വീണതോടെ ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു.

ഇന്ത്യന്‍ പേസ്-സ്പിന്‍ കോമ്പിനേഷന് മുമ്പില്‍ ഉത്തരമില്ലാതെ ബംഗ്ലാദേശ് വീണപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യകള്‍ സജീവമാക്കാനും ഇന്ത്യക്ക് സാധിച്ചു.

ബംഗ്ലാദേശിനെതിരായ ഈ വിജയം ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ബാറ്ററെന്ന നിലയില്‍ പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനൊപ്പം രാഹുലിന്റെ ആദ്യ വിജയമാണിത്.

ആദ്യ ഇന്നിങ്‌സ് മുതല്‍ക്കുതന്നെ ബംഗ്ലാദേശിനെ ആക്രമിച്ചുകളിച്ച ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് കളിയിലെ താരം. ആദ്യ മത്സരത്തില്‍ 40 റണ്‍സ് നേടുകയും 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത താരം രണ്ടാം ഇന്നിങ്‌സില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്ത്തി.

 

 

ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍, എദാബോത് ഹുസൈന്‍ എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപിന് മുമ്പില്‍ വീണത്. ലിട്ടണ്‍ ദാസിനെ ഉമേഷ് യാദവിന്റെ കയ്യിലും എദാബോത് ഹുസൈനെ ശ്രേയസ് അയ്യരുടെയും കയ്യിലുമെത്തിച്ച് മടക്കിയ കുല്‍ദീപ് ഷാകിബിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പുറത്താക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി തികച്ച സാക്കിര്‍ ഹസനും 84 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസനുമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ സാക്കിര്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.

 

ഈ വിജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി.

ഡിസംബര്‍ 22നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റിലും വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും ഇന്ത്യയിറങ്ങുന്നത്.

 

Content Highlight: India wins the first test in India vs Bangladesh series