| Monday, 25th July 2022, 8:06 am

ഹോപ്പിന്റെ ഹോപ് പാഴായി; ഹോപ് നിലനിര്‍ത്തി സഞ്ജു; ഇന്ത്യയ്ക്ക് പരമ്പര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ ന്നെിവരുടെ അപരാജിത ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും കഴിഞ്ഞതോടെ 2-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു വിന്‍ഡീസിന്റെ ഓപ്പണിങ് ബാറ്റര്‍മാരായ ഷായ് ഹോപ്പും കൈല്‍ മയേഴ്‌സും കാഴ്ചവെച്ചത്.

65 റണ്‍സിന്റെ ഓന്നാമിന്നിങ്‌സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം മയേഴ്‌സ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എങ്കിലും മൂന്നാമനായി എത്തിയ ഷമാര്‍ ബ്രൂക്‌സിനെ കൂട്ടുപിടിച്ച് ഹോപ് അടി തുടര്‍ന്നു. ഒടുവില്‍ വിന്‍ഡീസ് സ്‌കോര്‍ 127ല്‍ നില്‍ക്കവെ 35 റണ്‍സ് നേടി ബ്രൂക്‌സും പവലിയനിലേക്ക് മടങ്ങി.

നാലാമനായി ഇറങ്ങിയ ബ്രാന്‍ഡന്‍ കിങ് ഡക്കായതോടെ 130ന് മൂന്ന് എന്ന അവസ്ഥയിലായി വിന്‍ഡീസ്. തുടര്‍ന്നത്തിയ വിന്‍ഡീസ് നായകന്‍ പൂരന്‍ വെടിക്കെട്ട് തുടങ്ങിയതോടെ കരീബിയന്‍ സ്‌കോര്‍ പറപറന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ 135 പന്തില്‍ നിന്നും 115 റണ്‍സ് നേടിയ ഷായ് ഹോപ്പിന്റെയും 77 പന്തില്‍ നിന്നും 74 റണ്‍സ് നേടിയ പൂരന്റെയും ബലത്തില്‍ വിന്‍ഡീസ് 311 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തുണച്ച ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാം മത്സരത്തിലുണ്ടായില്ല.

31 പന്തില്‍ നിന്നും 13 റണ്‍സുമായിട്ടായിരുന്നു ക്യാപ്റ്റന്‍ ധവാന്‍ പുറത്തായത്. എന്നിരുന്നാലും ശുഭ്മന്‍ ഗില്‍ പ്രതീക്ഷ തെറ്റിച്ചില്ല. 49 പന്തില്‍ നിന്നും 43 റണ്‍സെടുത്തിട്ടായിരുന്നു താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ ഉപനായകന്‍ ഉണര്‍ന്നുകളിച്ചതോടെ ഇന്നിങ്‌സിന് വേഗം കൂടി. 71 പന്തില്‍ നിന്നും 63 റണ്‍സായിരുന്നു താരം നേടിയത്. സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി നിരാശനാക്കിയെങ്കിലും സഞ്ജു സാംസണ്‍ പ്രതീക്ഷ കാത്തു.

ടീമിന് ആവശ്യമുള്ളപ്പോള്‍ തന്നെ ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജുവും അയ്യരും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ടീം സ്‌കോര്‍ 178ല്‍ നില്‍ക്കവെ അയ്യര്‍ പുറത്തായെങ്കിലും ഹൂഡയെ കൂട്ടുപിടിച്ച് സഞ്ജു സ്‌കോര്‍ ഉയര്‍ത്തി.

ടീം സ്‌കോര്‍ 205ലും വ്യക്തിഗത സ്‌കോര്‍ 54ലും നില്‍ക്കവെ സഞ്ജു റണ്‍ ഔട്ടായി മടങ്ങി. ഇതോടെ മൂന്നാം മത്സരത്തിലും ടീമിലുണ്ടാകുമെന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ സഞ്ജുവിനായി.

പിന്നാലെയെത്തിയ അക്‌സര്‍ പട്ടേല്‍ കൊടുങ്കാറ്റായതോടെ വിന്‍ഡീസ് വിറച്ചു. കരീബിയന്‍ ബൗളര്‍മാര്‍ക്കുമേല്‍ ഒരു ദാക്ഷിണ്യവും കാട്ടാതെ താരം പ്രഹരിച്ചുകൊണ്ടേയിരുന്നു. അവസാനം ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷമാണ് അക്‌സര്‍ ഒന്നടങ്ങിയത്. 35 പന്തില്‍ നിന്നും പുറത്താവാതെ 64 റണ്‍സായിരുന്നു പട്ടേല്‍ സ്വന്തമാക്കിയത്.

ജൂലെെ 29നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാവും വിന്‍ഡീസ് ഇറങ്ങുന്നത്. ഓവല്‍ തന്നെയാണ് വേദി.

Content Highlight: India wins the 2nd ODI and series

We use cookies to give you the best possible experience. Learn more