W1, W, 0, W, 0, W; ലാസ്റ്റ് ഓവറിലെ ഷെഫാലി മാജിക്കില്‍ ഇന്ത്യക്ക് പരമ്പര; വീണ്ടും താരമായി മിന്നു
Cricket news
W1, W, 0, W, 0, W; ലാസ്റ്റ് ഓവറിലെ ഷെഫാലി മാജിക്കില്‍ ഇന്ത്യക്ക് പരമ്പര; വീണ്ടും താരമായി മിന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th July 2023, 7:49 pm

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ബംഗ്ലാദേശിന്റെ പെണ്‍കടുവക്കൂട്ടങ്ങളെ വിറപ്പിച്ച് എട്ട് റണ്‍സിന്റെ നാടകീയ ജയവും പരമ്പര നേട്ടവും സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. മലയാളി താരം മിന്നുവിന്റെ രണ്ട് വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.

ധാക്കയില്‍ നടന്ന രണ്ടാം ടി-20യില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ അവസാന പന്തില്‍ ബംഗ്ലാദേശ് 87 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് ടി-20 മാച്ചുകളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

ബംഗ്ലാദേശിന് അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് മാത്രം മതിയെന്നിരിക്കെ 19ാമത്തെ ഓവര്‍ എറിയാനെത്തിയത് ദീപ്തി ശര്‍മയായിരുന്നു. ആ ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വിട്ടുനല്‍കിയ ദീപ്തി ഫോമിലുള്ള നിഗര്‍ സുല്‍ത്താനയെ (55 പന്തില്‍ 38 റണ്‍സ്) പുറത്താക്കി.

തൊട്ടു മുമ്പത്തെ പന്തില്‍ റണ്ണൗട്ട് ചാന്‍സില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും അഞ്ചാം പന്തില്‍ ക്രീസ് വിട്ടിറങ്ങിയ നിഗര്‍ സുല്‍ത്താനയെ കീപ്പര്‍ യഷ്ടിക സ്റ്റമ്പ് ചെയ്യുകയായിരുന്നു. 86/6 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് ടീമിന് അവസാന ഓവറില്‍ 10 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഷെഫാലി വര്‍മയെറിഞ്ഞ ഈ മാജിക്കല്‍ ഓവറില്‍ വൈഡില്‍ നിന്ന് ഒരു റണ്‍സ് മാത്രമെ ബംഗ്ലാ താരങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. പകരം മൂന്ന് വിക്കറ്റുകളും അവര്‍ ബലികഴിച്ചു.

മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി ക്യാപ്ടന്റെ പ്രതീക്ഷകള്‍ കാത്തു. ഷെഫാലി, ദീപ്തി ശര്‍മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യ രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. പരമ്പരയും ഇന്ത്യ നേടി.

നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13), ഷെഫാലി വര്‍മ (19) സഖ്യം 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി നഹിദ അക്തര്‍ ആതിഥേയര്‍ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ തുടരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ഷെഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (0) തൊട്ടടുത്ത പന്തുകളിലും മടങ്ങി. ജമീമ റോഡ്രിഗസ് (8), യഷ്ടിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മിന്നുവിനൊപ്പം പൂജ വസ്ത്രാകര്‍ പുറത്താവാതെ നിന്നു. നേരിട്ട ആദ്യ പന്ത് തന്നെ മലയാളി താരം മിന്നു ബൗണ്ടറി നേടിയിരുന്നു.

 

Content Highlights: india wins t20 series against bangladesh women, last over thriller