ഇഷാന്തിന്റെ വഴിയില്‍ ഉമേഷും നിറഞ്ഞാടി; ഈഡനിലെ പിങ്ക് വസന്തം ഇന്ത്യക്കൊപ്പം
Cricket
ഇഷാന്തിന്റെ വഴിയില്‍ ഉമേഷും നിറഞ്ഞാടി; ഈഡനിലെ പിങ്ക് വസന്തം ഇന്ത്യക്കൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th November 2019, 2:24 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയം ഇന്ത്യക്കൊപ്പം തന്നെ. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ കൂറ്റന്‍ ജയം.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയായിരുന്നു ബംഗ്ലാ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചതെങ്കില്‍, രണ്ടാം ഇന്നിങ്‌സില്‍ ഉമേഷ് യാദവായിരുന്നു അത്രയും വിക്കറ്റുകള്‍ തന്നെ നേടി ബംഗ്ലാ കടുവകളെ വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 106 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍, അനായാസം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവില്‍ (136) 347 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റ് ചെയ്യാനാരംഭിച്ച ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റില്‍ മാത്രമാണു കാര്യമായെന്തെങ്കിലും ചെയ്യാനായത്. എന്നിട്ടും 195 റണ്‍സിന് ഓള്‍ഔട്ടാകാനായിരുന്നു വിധി.

രണ്ടാം ഇന്നിങ്‌സില്‍ ഉമേഷിനു പുറമേ ഇഷാന്ത് നാല് വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിങ്‌സുകളിലുമായി ഇഷാന്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഉമേഷ് എട്ട് വിക്കറ്റ് നേടി. മത്സരത്തിന്റെ മൂന്നാം ദിനം തന്നെയാണ് ഫലം വന്നതെന്നതു ശ്രദ്ധേയമാണ്.

പിങ്ക് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം കോഹ്‌ലി വിവിധ റെക്കോഡുകള്‍ പഴങ്കഥയാക്കിയിരുന്നു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡുകളാണ് കോഹ്ലി ശനിയാഴ്ച ഉച്ചയ്ക്കു മറികടന്നത്.

ഒരു ക്യാപ്റ്റന്‍ നേടുന്ന ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിലാണ് പോണ്ടിങ്ങിനെ പിന്തള്ളി കോഹ്ലി രണ്ടാംസ്ഥാനത്തെത്തിയത്. ടെസ്റ്റില്‍ രണ്ടാം ദിവസമാണ് തന്റെ 27-ാം സെഞ്ചുറി കോഹ്ലി നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നില്‍ക്കേ കോഹ്ലി നേടുന്ന 20-ാം സെഞ്ചുറിയാണിത്. 23 ടെസ്റ്റ് സെഞ്ചുറികള്‍ സ്വന്തമായുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേം സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

എല്ലാ ഫോര്‍മാറ്റുകളിലുമായി കോഹ്ലി നേടുന്ന 70-ാം സെഞ്ചുറിയാണിത്. എല്ലാ ഫോര്‍മാറ്റുകളിലുമായി ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ഇതോടെ നേടിയത് 41-ാം സെഞ്ചുറിയാണ്.

അതിനിടെ 27 ടെസ്റ്റ് സെഞ്ചുറികള്‍ വേഗത്തില്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം കോഹ്ലി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 141 ഇന്നിങ്സുകളിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

മാത്രമല്ല, ഏറ്റവും വേഗത്തില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിനെ മറികടക്കാനും അദ്ദേഹത്തിനായി. സച്ചിന്‍ 505 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോള്‍, കോഹ്ലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്സുകളാണ്. പോണ്ടിങ് നേടിയതാകട്ടെ, 649 ഇന്നിങ്സുകളില്‍ നിന്ന്.

വെള്ളിയാഴ്ച ഇതേ ടെസ്റ്റിന്റെ ആദ്യദിനം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി അയ്യായിരം റണ്‍സ് പിന്നിട്ടിരുന്നു.