| Saturday, 29th July 2017, 4:55 pm

ശ്രീലങ്കയില്‍ 'ഗോളടിച്ച്' ഇന്ത്യ; ഒരു ദിവസം ബാക്കി നില്‍ക്കെ 305 റണ്‍സിന് ലങ്കയെ തകര്‍ത്ത് കോഹ്‌ലിയും സംഘവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോള്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയെ നിലം പരിചാക്കി ഇന്ത്യ. കളി അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 305 റണ്‍സിനാണ് ഇന്ത്യ ലങ്കയെ വീഴ്ത്തിയത്. 550 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 245 എത്തിയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.

സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്തായ ദിമുത് കരുണരത്നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പരുക്കേറ്റ രംഗണ ഹെറാത്ത്, അസേല ഗുണരത്നെ എന്നിവര്‍ ലങ്കന്‍ നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഇന്ത്യയ്ക്കായി അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. 190 റണ്‍സെടുത്താണ് ധവാന്‍ ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യയുടെ 600 എന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്നിറങ്ങിയ ലങ്ക മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 291 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ലങ്കന്‍ നിരയില്‍ ഏഴാമനായിറങ്ങിയ വെറ്ററന്‍ താരം ദില്‍റുവാന്‍ പെരേര, കന്നി ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് ലങ്ക ഓള്‍ഔട്ടായത്

രണ്ടാമിന്നിംഗ്‌സില്‍ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. നാലാം ദിനമായ ഇന്ന് മൂന്നിന് 189 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 17ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഇതോടെ പരിശീലകനായുള്ള തന്റെ അരങ്ങേറ്റം രവിശാസ്ത്രിയും വിജയത്തോടെയാക്കിയെന്നതും ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more