| Thursday, 30th December 2021, 6:47 pm

എറിഞ്ഞുവീഴ്ത്തി ഇന്ത്യ; അപൂര്‍വനേട്ടവുമായി ഇന്ത്യയും കോഹ്‌ലിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 113 റണ്‍സിന്റെ കൂറ്റന്‍ ജയം. വിദേശ പര്യടനങ്ങളിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്.

രണ്ടാം ഇന്നിംഗ്സില്‍ 305 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 191 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. ഇന്ത്യക്കായി മുഹമ്മദ് ഷമിയും, ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍. അശ്വിനും, സിറാജും 2 വിക്കറ്റ് വീതം നേടി.

77 റണ്‍സ് എടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ പൊരുതാന്‍ ശ്രമിച്ചുവെങ്കിലും ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുയായിരുന്നു. 35 റണ്‍സുമായി ബെവുമ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ രാഹുലിന്റെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 337 റണ്‍സ് നേടിയിരുന്നു. രാഹുല്‍ 123 റണ്‍സ് നേടിയപ്പോള്‍ മായങ്ക് 60ഉം രഹാനെ 48ഉം റണ്‍സും നേടി മികച്ച പിന്തുണയായിരുന്നു രാഹുലിന് നല്‍കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 197 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 16 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഷമിയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

എയ്ഡന്‍ മര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, തെംബ ബെവുമ, വിയാന്‍ മുള്‍ഡര്‍, കഗീസോ റബാഡ എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പേസറെന്ന നേട്ടം ഷമിക്ക് സ്വന്തമായി. 52 റണ്‍സ് നേടിയ തെംബാ ബെവുമയാണ് ആദ്യ ഇന്നിംഗ്സിലെ ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിംഗസില്‍ 123 റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലാണ് കളിയിലെ താരം. 2 ഇന്നിംഗ്സില്‍ നിന്നുമായി മുഹമ്മദ് ഷമി 8 വിക്കറ്റ് നേടി.

ആദ്യ ടെസ്റ്റ് വിജയത്തിന് പിന്നാലെ അപൂര്‍വമായ ഒരു റെക്കോഡും ഇന്ത്യന്‍ ടീമിനെ തേടിയെത്തിയിരിക്കുകയാണ്. ഗാബ കീഴടക്കിയതിന് പിന്നാലെ സെഞ്ചൂറിയനും കീഴടക്കിയാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. ഇതോടെ സെഞ്ചൂറിയനില്‍ ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായും ഇന്ത്യ മാറി.

മറ്റൊരു നേട്ടവും സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പിറന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് പരമ്പര ജയിക്കുന്ന ക്യാപ്റ്റന്‍ എന്ന് റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ റിക്കി പോണ്ടിംഗിന്റെ ഈ നേട്ടത്തിനൊപ്പമെത്താനും താരത്തിനായി.

Kohli hits another double as India pile on runs | Taiwan News | 2017-02-10 17:16:51

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India Wins Centurion test, defeats South Africa, leads 1-0

We use cookies to give you the best possible experience. Learn more