ടി-20 ലോകകപ്പിൽ സൂപ്പർ 12ലെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്‌സിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ബാറ്റർമാർക്ക് പുറമേ ബൗളർമാരും തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കായി കാഴ്ച വെച്ചത്. ഭുവനേശ്വർ കുമാറും അക്‌സർ പട്ടേലും ആർ. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ രണ്ട് കളികളിൽ രണ്ട് ജയത്തോടെ നാല് പോയിന്റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നീ താരങ്ങളുടെ അർധസെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തേകിയത്.
പഴയ ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രോഹിത് 39 പന്തിൽ 53 റൺസെടുത്തപ്പോൾ വിരാട് കോഹ്‌ലി 44 പന്തിൽ പുറത്താകാതെ 62 റൺസും സൂര്യകുമാർ യാദവ് 25 പന്തിൽ പുറത്താകാതെ 51 റൺസും നേടി ഇന്ത്യൻ സ്കോർ ബോർഡിലേക്ക് നിർണായക സംഭാവന നൽകി.
അവസാന പന്തിൽ സിക്സ് അടിച്ചാണ് സൂര്യകുമാർ അർധസെഞ്ചുറി തികച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി പിന്നിട്ട കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ.
ഇന്ത്യൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നെതർലൻഡ്സിന് ഒന്നും ചെയ്യാനായില്ല. ഭുവനേശ്വർ കുമാർ തന്റെ രണ്ടാം ഓവറിൽ നെതർലൻഡ്സ് ഓപ്പണർ വിക്രംജിത് സിങ്ങിനെ ബൗൾഡാക്കി നെതർലൻഡ്സിന് ആദ്യ പ്രഹരമേൽപ്പിച്ചു.
മാക്സ് ഒഡോഡും ബാസ് ഡി ലീഡും ചേർന്ന് നെതർലൻഡ്സിന് ആശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും ഇന്നിങ്സ് മന്ദഗതിയിലായിരുന്നു.
ഒടോഡിനെയും ബാസ് ഡി ലീഡിനെയും അക്സർ കീഴിപ്പെടുത്തിയപ്പോൾ പൊരുതി നിൽക്കാൻ ശ്രമിച്ച കോളിൻ അക്കർമാനെ അശ്വിനും വീഴ്ത്തിയതോടെ നെതർലൻഡ്സ് ക്ഷയിച്ചു.
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്നോവറിൽ ഒമ്പത് റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് നാലോവറിൽ 37 റൺസെടുത്തു.
അതേസമയം അക്സർ നാലോവറിൽ 18 റൺസിനും അശ്വിൻ നാലോവറിൽ 21 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: India wins against Netherlands, ‘tripple half century’ added strength to the team