| Tuesday, 27th February 2024, 9:14 am

17 🔥🔥 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരുത്തനുമില്ലാത്ത നേട്ടം, ഇവിടെയെത്തി വട്ടം വെക്കാന്‍ ആരുണ്ട്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരം അവസാനിക്കുമ്പോള്‍ 3-1ന് മുമ്പിലെത്താനും അഞ്ചാം ടെസ്റ്റിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി.

ഈ വിജയത്തിന് പിന്നാലെ തങ്ങളുടെ ഐതിഹാസിക ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ ജയിക്കുന്ന ടീം എന്ന ഖ്യാതിയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 17ാം ടെസ്റ്റ് പരമ്പര വിജയമാണിത്.

2013ലാണ് ഇന്ത്യ ഈ സ്വപ്‌നതുല്യമായ ജൈത്രയാത്രക്ക് തുടക്കമിട്ടത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പത്ത് വിജയമാണുള്ളത്. ഈ നേട്ടം അവര്‍ രണ്ട് തവണ ആവര്‍ത്തിക്കുകയും ചെയ്തു.

1994 മുതല്‍ 2000 വരെ തുടര്‍ച്ചയായ പത്ത് ഹോം സീരിസുകള്‍ വിജയിച്ച ഓസീസ് 11ാം പരമ്പരയില്‍ പരാജയപ്പെടുകയായിരുന്നു. 2004 മുതല്‍ 2008 വരെയുള്ള പത്ത് സീരീസുകളില്‍ രാജാക്കന്‍മാരായ ഓസ്‌ട്രേലിയ വീണ്ടും 11ാം ടെസ്റ്റില്‍ പരാജയപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസിനും ന്യൂസിലാന്‍ഡിനും എട്ട് വിജയം വീതമാണുള്ളത്.

അതേസമയം, കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. യുവതാരം ധ്രുവ് ജുറെലിന്റെ അസാമാന്യ ചെറുത്തുനില്‍പും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവുമാണ് ഇന്ത്യക്ക് നാലാം ടെസ്റ്റില്‍ വിജയവും അതുവഴി പരമ്പരയും നേടിക്കൊടുത്തത്.

സ്‌കോര്‍

ഇംഗ്ലണ്ട് – 353 & 145

ഇന്ത്യ – (T: 192) – 307 & 192/5

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ ഷോയ്ബ് ബഷീറും ടോം ഹാര്‍ട്‌ലിയും ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഇന്ത്യ 46 റണ്‍സകലെ വീണു.

ആദ്യ ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിനും കുല്‍ദീപ് യാദവും ചേര്‍ന്ന് എറിഞ്ഞിട്ടു. അശ്വിന്‍ ഫൈഫര്‍ നേടി തിളങ്ങിയപ്പോള്‍ ഫോര്‍ഫറുമായാണ് കുല്‍ദീപ് തന്റെ റോള്‍ ഗംഭീരമാക്കിയത്.

ഒടുവില്‍ ഇംഗ്ലണ്ട് 145ന് ഓള്‍ ഔട്ടാവുകയും ഇന്ത്യക്ക് മുമ്പില്‍ 192 റണ്‍സിന്റെ ലക്ഷ്യം വെക്കുകയുമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറിക്കൊപ്പം ധ്രുവ് ജുറെലിന്റെ ചെറുത്തുനില്‍പുമാണ് ഇന്ത്യക്ക് തുണയായത്.

മാര്‍ച്ച് ഏഴിനാണ് പരമ്പരയിലെ അഞ്ചാം മത്സരം. ധര്‍മശാലയാണ് വേദി.

Content highlight: India wins 17 consecutive test series in home

We use cookies to give you the best possible experience. Learn more