[]ചൈനീസ് തായ്‌പേയ്: ചൈനീസ് തായ്‌പേയില്‍ നടന്ന ഏഷ്യന്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം. പതിനെട്ടാമത് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തിലാണ് ഇന്ത്യ ജേതാക്കളായത്.
ഫൈനലില്‍ കൊറിയയെ ആണ് ഇന്ത്യ തോല്‍പ്പിച്ചത്. അഭിഷേക് വര്‍മ്മ, രത്തന്‍ സിങ്, സന്ദീപ് കുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്. കടുത്ത മത്സരത്തിനൊടുവില്‍ 233-231നായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.
ടൂര്‍ണ്ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. യോഗ്യതാ റൗണ്ടില്‍ 2086 പോയന്റ് നേടി ഒന്നാമതായാണ് ഇന്ത്യ പ്രവേശനം നേടിയത്. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ടീമിന് ബൈ ലഭിച്ചു.
ക്വാര്‍ട്ടറില്‍ ഇറാഖിനെതിരെ 231-221നു ജയിച്ചു കയറി. സെമിയില്‍ ആതിഥേയരായ ചൈനീസ് തായ്‌പോയ് ആയിരുന്നു എതിരാളികള്‍. ആ മത്സരം 220-232ന് സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇത് രണ്ടാം തവണയാണ് ഏഷ്യന്‍ ചാമ്പ്യന്മാരാവുന്നത്. 2009ല്‍ ബാലിയില്‍ നടന്ന പതിനാറാമത് ചാമ്പ്യന്‍ഷിപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ പുരുഷന്മാര്‍ സ്വര്‍ണ്ണം നേടിയത്.