| Friday, 22nd September 2023, 10:54 pm

രാഹുല്‍ ഫിനിഷ്‌സ് ഇന്‍ സ്റ്റൈല്‍; 27 വര്‍ഷത്തിന് ശേഷം നേടുന്ന വിജയം; ചരിത്രം കുറിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. 277 റണ്‍സ് ചെയ്‌സ് ചെയ്ത ഇന്ത്യ എട്ട് പന്ത് ബാക്കിനില്‍ക്കെയാണ് വിജയം കൈവരിച്ചത്.

മത്സരം നടന്ന മൊഹാലിയില്‍ ഇത് ചരിത്ര വിജയമാണ്. ഇന്ത്യ-ഓസീസ് മത്സരങ്ങള്‍ കഴിഞ്ഞ 27 വര്‍ഷം ഇവിടെ നടന്നപ്പോഴെല്ലാം വിജയിച്ചത് ഓസീസായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓസീസിനെതിരെ മൊഹാലിയില് വിജയിച്ചത്.

നായകന്‍ കെ.എല്‍. രാഹുലിന്റെ സിക്‌സറിലൂടെയായിരുന്നു ഇന്ത്യ വിജയം നേടിയത്. വിജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

ഇന്ത്യക്കായി നാല് ബാറ്റര്‍മാര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരാണ് അര്‍ധസെഞ്ച്വറി നേടിയത്.

ഗെയ്ക്വാദ് 77 പന്തില്‍ 71 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 63 പന്തില്‍ 74 റണ്‍സ് സ്വന്തമാക്കി. 49 പന്ത് നേരിട്ട് 50 റണ്‍സാണ് സൂര്യ അടിച്ചുക്കൂട്ടിയത്. 20 ഏകദിന മത്സരങ്ങള്‍ക്ക് ശേഷമാണ് സൂര്യ അര്‍ധസെഞ്ച്വറി നേടുന്നത്. രാഹുല്‍ പുറത്താകാതെ 63 പന്തില്‍ 58 റണ്‍സ് നേടി.

ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടിയിരുന്നു. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.

53 പന്തില്‍ 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ജോഷ് ഇംഗ്ലീസ് 45 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത് 41 റണ്‍സ് നേടി.

ഷമിയെ കൂടാതെ ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ചാം ബൗളറായെത്തിയ താക്കൂറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

Content Highlight: India win an Odi against Austrailia in Mohali after 27 years

We use cookies to give you the best possible experience. Learn more