ബൗളര്‍മാരുടെ മികവും ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനവും ഒത്തുചേര്‍ന്നതാണ് ഇന്ത്യയ്ക്ക് വലിയ വിജയം നേടിക്കൊടുത്തത്. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും നാല് വിക്കറ്റ് വാഴ്ത്തിയ ഉമേഷ് യാദവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യയുടെ വിജയത്തിന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നന്ദി പറഞ്ഞ ധോണി ബൗളര്‍മാരുടെ മികച്ച പ്രകടനത്തെ പ്രശംസിച്ചു. ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാവും ഇന്ത്യ സെമിയില്‍ നേരിടുക. ആദ്യ മൂന്ന് വിക്കറ്റ് വീണപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങളിലായിരുന്നെങ്കിലും റെയ്‌നയുടെയും രോഹിത് ശര്‍മ്മയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയത്.
കളിയില്‍ നല്ല തുടക്കം ലഭിച്ചിരുന്നെങ്കിലും ഇടയ്ക്ക് പതറിയ ഇന്ത്യ പിന്നീട് കളി തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ത്യയെ 100 കളികളില്‍ ജയിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് ഈ മത്സരത്തോടെ ധോണിക്ക് സ്വന്തമായി. 172 കളികളില്‍ നിന്നാണ് ഇന്ത്യ 100 വിജയം നേടിയിരിക്കുന്നത്. ഇന്ത്യയെ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍, വിദേശമണ്ണില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ തവണ വിജയിപ്പിച്ച ക്യാപ്റ്റന്‍ എന്നീ റെക്കോര്‍ഡുകള്‍ നേരത്തെ തന്നെ ധോണിയുടെ പേരില്‍ ഉണ്ടായിരുന്നു.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഷാമി രണ്ടും മോഹിത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി. രോഹിത് ശര്‍മ്മ 137 റണ്‍സും റെയ്‌ന 65 റണ്‍സും നേടി. നായകന്‍ ധോണിക്ക് ആറ് റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ധവാന്‍ 30 റണ്‍സും ജഡേജ 23 റണ്‍സും സ്വന്തമാക്കി.
35 റണ്‍സെടുത്ത നാസിര്‍ ഹൊസൈന്‍ ആണ് ബംഗ്ലാദേശ് ടീമിലെ ടോപ് സ്‌കോറര്‍. ടീമിന് വേണ്ടി ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും മോര്‍ട്ടാസ, റുബല്‍, ഷക്കിബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.