ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്കോട്ട്: ആദ്യ മത്സരത്തില്‍ കൈവിട്ട മത്സരത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ 26 പന്തുകള്‍ ശേഷിക്കെ അനായാസം വിജയം നേടി ഇന്ത്യ. ബംഗ്ലാദേശിനെതിരെ രാജ്കോട്ടില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
സ്കോര്‍: 20 ഓവറില്‍ ആറ് വിക്കറ്റിന് 153. ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റിന് 154.
തന്റെ 100-ാം ട്വന്റി20 മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (85) മുന്നില്‍ നയിച്ചതോടെ പിന്നീട് വന്നവര്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം വെറും 94 പന്തില്‍ നേടുകയായിരുന്നു. 43 പന്തില്‍ ആറ് സിക്സറും ആറ് ഫോറുമായി അടിച്ചുതകര്‍ത്ത രോഹിതാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
ശിഖര്‍ ധവാന് (31), ശ്രേയസ്സ് അയ്യര്‍ (13 പന്തില്‍ 24) എന്നിവരും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കു നഷ്ടപ്പെട്ട രണ്ട് വിക്കറ്റുകള്‍ നേടിയത് അമിനുള്‍ ഇസ്ലാമാണ്. 118 റണ്‍സാണ് ആദ്യ വിക്കറ്റില്‍ രോഹിതും ധവാനും ചേര്‍ന്നു നേടിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റിങ് ലഭിച്ച ബംഗ്ലാദേശ് തുടക്കം ഗംഭീരമാക്കി. 7.2 ഓവറില്‍ ഓപ്പണിങ് കൂട്ടുകെട്ട് 60 റണ്‍സിലെത്തിച്ചെങ്കിലും പിന്നീട് കാര്യമായി റണ്‍നിരക്ക് ഉയര്‍ത്താനോ നല്ല കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സാധിച്ചില്ല.
മുഹമ്മദ് നയിം (36), സൗമ്യ സര്‍ക്കാര്‍ (30), മഹ്മുദുള്ള (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരം ബംഗ്ലാദേശാണു ജയിച്ചതോടെ. ഇതോടെ മൂന്നു കളികളുടെ പരമ്പരയിലെ അവസാന മത്സരം ഫൈനലിനു തുല്യമായി.