ന്യു ദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. ഇരു രാജ്യങ്ങളും അവര്‍ക്കിടയിലെ അസ്വാസ്ഥ്യങ്ങള്‍ കുറക്കാനും ബന്ധം മെച്ചപ്പെടുത്താനും ശ്രമിക്കണമെന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലപാടുകളിലുള്ള വ്യത്യാസങ്ങളില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുക്കൊണ്ട് ചര്‍ച്ചകളിലേര്‍പ്പെടാനും ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളര്‍ത്തിയെടുക്കാനും വേണ്ടി ചൈനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
“രണ്ടു പ്രധാന രാജ്യങ്ങളെന്ന നിലക്കും ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളെന്ന് നിലക്കും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് പ്രാദേശികതലത്തിലും ആഗോളതലത്തിലും പ്രാധാന്യമുണ്ട്,” രവീഷ് കുമാര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊര്‍ജ്ജസ്വലമാക്കേണ്ടതുണ്ടെന്നും അവരുടെ അഭിപ്രായ വ്യത്യാസങ്ങളെ കലഹത്തിലേക്കെത്താന്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു എന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ദലൈലാമയുടെ ഒളിവു ജീവിതത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം ടിബറ്റന്‍ സര്‍ക്കാര്‍ നടത്താനിരുന്ന പരിപാടി ഇന്ത്യയുടെ പിന്തുണയില്ലാത്തതിനാല്‍ ദല്‍ഹിയില്‍ നിന്നും ധര്‍മശാലയിലേക്ക് മാറ്റിയിരുന്നു. ചൈനീസ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയുമായുള്ള ഇന്ത്യന്‍ ബന്ധത്തെ ചൂണ്ടിക്കാട്ടി കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയതിനെ തുടര്‍ന്നായിരുന്നു ഇത്.