| Monday, 5th March 2018, 1:07 pm

രാമക്ഷേത്ര വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാവുമെന്ന് ശ്രീ ശ്രീ രവി ശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്രവിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയായി മാറുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാമക്ഷേത്ര പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നമുക്ക് ഇന്ത്യയില്‍ മറ്റൊരു സിറിയയുണ്ടാവും.” എന്നാണ് അദ്ദേഹം പറഞ്ഞത്.

അയോധ്യയ്ക്കുമേല്‍ അവകാശവാദം പറയുന്നത് മുസ്‌ലീങ്ങള്‍ അവസാനിപ്പിക്കണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടു. “നല്ലതു സംഭവിക്കാനായി അയോധ്യയ്ക്കുമേലുള്ള അവകാശവാദം മുസ്‌ലീങ്ങള്‍ ഉപേക്ഷിക്കണം. മുസ്‌ലീങ്ങളുടെ വിശ്വാസ ഇടമല്ല അയോധ്യ. ”

ഒരു തര്‍ക്കസ്ഥലത്ത് ആരാധന നടത്തുന്നത് ഇസ്‌ലാമില്‍ അനുവദനീയമല്ല. രാമ ദേവന്‍ ജനിച്ച സ്ഥലം മറ്റൊരിടത്തേക്കു മാറ്റുന്നതിനെ നമുക്ക് അനുവദിക്കാന്‍ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിക്കു പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിന് രവിശങ്കര്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി അയോധ്യ, ബംഗളുരു, ലക്‌നൗ, ദല്‍ഹി എന്നിവിടങ്ങളിലെ 500ഓളം നേതാക്കളുമായി സംസാരിച്ചിരുന്നു. “ചിലര്‍ എന്റെ ശ്രമങ്ങളെ എതിര്‍ത്തിരുന്നു. കാരണം അവര്‍ സംഘര്‍ഷമാണ് ആഗ്രഹിക്കുന്നത്. ആരും കോടതി വിധിയോട് യോജിക്കുന്നില്ല.” എന്നും അദ്ദേഹം പറഞ്ഞു.

ശരീഅത്ത് നിയമപ്രകാരം പള്ളി മറ്റൊരിടത്തേക്ക് മാറ്റുന്നത് അനുവദനീയമാണെന്ന് പറഞ്ഞതിന്റെ പേരില്‍ മുസ്‌ലിം സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട സയ്യിദ് സല്‍മാന്‍ ഹുസൈന്‍ നദ്വിയുമായി രവിശങ്കര്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. രവിശങ്കര്‍ നദ്വിയ്ക്ക് പണം നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു.

“ഞാന്‍ നദ്വിക്ക് പണം നല്‍കിയിട്ടേയില്ല.” എന്നാണ് ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് അഭിമുഖത്തില്‍ രവിശങ്കര്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more