| Wednesday, 1st January 2020, 7:11 pm

2020-ല്‍ ജി.ഡി.പി അഞ്ച് ശതമാനത്തിലെത്താന്‍ പോലും ഇന്ത്യ കഷ്ടപ്പെടും; മോദിയുടേത് അപകടകരമായ കോക്‌ടെയിലെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇന്ത്യയുടെ കരകയറല്‍ അതീവ ഗുരുതരാവസ്ഥയിലെന്ന സൂചന നല്‍കി അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. ജി.ഡി.പി വളര്‍ച്ച അഞ്ച് ശതമാനത്തിലെങ്കിലും എത്തിക്കാന്‍ ഇന്ത്യ കഷ്ടപ്പെടുമെന്നും കഴിഞ്ഞ പാദങ്ങളിലെ ഇടിവ് സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ വായ്പയെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതേസമയം, തിരിച്ചടവ് കുറയുകയും ബാങ്കുകളില്‍ കിട്ടാക്കടം പെരുകുകയുമാണെന്നും സ്റ്റീവ് ഹാങ്ക് ചൂണ്ടിക്കാട്ടി.

‘ബാങ്കുകളുടെ വായ്പാ ഇടപാടുകള്‍ ചുരുങ്ങിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു കാരണം. ഇത് ഇന്ത്യയെ 2020ല്‍ അഞ്ച് ശതമാനത്തിലേക്കുപോലും ജി.ഡി.പി വളരുന്നതിനെ തടസപ്പെടുത്തും’, സ്റ്റീവ് ഹാങ്ക് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ആറ് വര്‍ഷത്തെ ഏറ്റവും വലിയ ജി.ഡി.പി ഇടിവിലാണ് ഇന്ത്യ. 2019-20 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച 4.5% ആയി. എന്നിട്ടും ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള രാജ്യമാണ് തങ്ങളെന്നാണ് ഇന്ത്യ അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിലെ മാന്ദ്യം ഉപഭോഗത്തിലേക്ക് വ്യാപിച്ചതും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ സാമ്പത്തിക പ്രശ്‌നവും തൊഴിലവസരങ്ങള്‍ ഇല്ലാതായതുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഈ അവസരത്തില്‍പോലും അനിവാര്യമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മോദി സര്‍ക്കാരിന് താല്‍പ്പര്യമില്ല. മറിച്ച് സ്‌ഫോടനാത്മകമായ രണ്ട് കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ. ഒന്ന് വംശീയത, രണ്ട് മതം’.

‘ഇത് ഒരു മാരകമായ കോക്ടെയ്ല്‍ ആണ്. വാസ്തവത്തില്‍, മോദിയുടെ കീഴില്‍ ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്നതില്‍നിന്ന് ‘ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേറ്റ്’ എന്നതിലേക്ക് മാറിക്കഴിഞ്ഞുവെന്നാണ് പലരും സൂചിപ്പിക്കുന്നത്’, സ്റ്റീവ് ഹാങ്ക് അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോണ്‍ ഹോപ്‌സ്‌കിന്‍സ് സര്‍വകലാശാലയില അപ്ലൈഡ് ഇക്കണോമിക്‌സ് അധ്യാപകനാണ് സ്റ്റീവ് ഹാങ്ക്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ സാമ്പത്തിക ഉപദേശക സമിതിയിലും അംഗമായിരുന്നു ഇദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more