| Saturday, 18th April 2020, 7:55 am

കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ ദ്രുത പരിശോധന ഉടന്‍; സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയത് 5 ലക്ഷം കിറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 പടര്‍ന്നു പിടിച്ച തീവ്ര ബാധിത പ്രദേശങ്ങളില്‍ ദ്രുത പരിശോധനയ്ക്ക് അനുമതി. ആവശ്യമായ കിറ്റുകള്‍ ലഭിച്ചതോടെയാണ് ദ്രുത പരിശോധന നടത്താനൊരുങ്ങുന്നത്.

ഇതിനായി അഞ്ചു ലക്ഷം കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്ത് തുടങ്ങി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നിട്ടുണ്ട്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗ വ്യാപനത്തിന്റെ തോത് 40 ശതമാനം കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ മൂലമാണ് ഇത് നിയന്ത്രിക്കാനായതെന്നുമാണ് കേന്ദ്രം പറയുന്നത്.

അതേസമയം ദല്‍ഹിയില്‍ തീവ്ര ബാധിത മേഖലകളുടെ എണ്ണം 68 ആക്കി. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിട്ടുണ്ട്. ധാരാവിയില്‍ 101 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ 1000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,835 ആയി. 452 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more