2018 ആകുമ്പോളേക്കും ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് 16 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്ന് റിപ്പോര്‍ട്ട്
Big Buy
2018 ആകുമ്പോളേക്കും ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് 16 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th December 2014, 11:20 am

online-01ന്യൂദല്‍ഹി: 2018 ല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യപാര രംഗത്ത് 16 ബില്യണ്‍ ഡോളര്‍ അതായത് ലക്ഷം കോടി രൂപ ചിലവഴിക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ല്‍ 128 മില്യണ്‍ ആള്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“കോടിക്കണക്കിന് ഉപകരണങ്ങള്‍ ഇങ്ങനെ വിറ്റഴിക്കുന്നത് വഴി ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉപകരണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും സാധിക്കും. സി.ഐ.ഐ യാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.” കെ.പി.എം.ജി പറഞ്ഞു.

“ഡിജിറ്റല്‍ സൗകര്യം ലോകവുമായി ബന്ധപ്പെടാനും സാങ്കേതിക വിദ്യയെ ശക്തിപ്പെടുത്താനും ഉള്ള ഒരു ഉപാധിയാണ്. സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് യൂട്ടിലിറ്റീസ്, സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവര്‍ക്ക് ഇത് വലിയ അവസരങ്ങളാണ് ഉണ്ടാക്കുന്നത്.” കെ.പി.എം.ജി ഇന്ത്യയുടെ പങ്കാളി കെ. രാമന്‍ പറഞ്ഞു.

വ്യവസായിക ലോകത്തുള്ളവരും സമൂഹവും ഡിജിറ്റല്‍ സൗകര്യത്തിന് കൂടുതല്‍ പ്രേരണ നല്‍കുന്നതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും സാമ്പത്തിക മൂല്യം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യത്തെയും ഫിറ്റ്‌നസിനെയും സംബന്ധിക്കുന്ന 1.4 ബില്യണ്‍ ആപ്പുകള്‍ 2017 ല്‍ മൊബൈല്‍ ഫോണ്‍ വഴി ഡൗണ്‍ലോഡ് ചെയ്യുമെന്നും പഠനം പറയുന്നു.

“2018 ആകുമ്പോഴേക്കും ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് 16 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി ചിലവഴിക്കപ്പെടും. 2013 ല്‍ 67 ശതമാനം ഒണ്‍ലൈന്‍ വ്യാപാരികള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. 2018 ആകുമ്പോളേക്കും ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുളെ എണ്ണം 128 മില്യണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.”  റിപ്പോര്‍ട്ട് പറയുന്നു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ മുഖ്യധാരയില്‍ എത്തിയാല്‍ സുരക്ഷയുടെയും അടിസ്ഥാന സാങ്കേതിക വിദ്യയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ വെല്ലുവിളി നേരിടേണ്ടിവരും.