national news
ഇന്ത്യ ഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകാരം ഭരിക്കപ്പെടുമെന്ന് വി.എച്ച്.പി സെമിനാറില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി; വിമര്‍ശനവുമായി അഭിഭാഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 09, 07:10 am
Monday, 9th December 2024, 12:40 pm

ന്യൂദല്‍ഹി: രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമെ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ‘ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഇക്കാര്യം പറഞ്ഞത്.

യൂണിഫോം സിവില്‍കോഡ് എന്നത് കേവലം വി.എച്ച്.പിയോ ആര്‍.എസ്.എസോ അല്ലെങ്കില്‍ ഹിന്ദുമതമോ ആവശ്യപ്പെടുന്ന കാര്യമല്ലെന്നും മറിച്ച് രാജ്യത്തെ പരമോന്നത കോടതി വരെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം യൂണിഫോം സിവില്‍കോഡ് എത്രയും പെട്ടെന്ന് കൊണ്ടുവരുമെന്ന് സെമിനാര്‍ വേദിയില്‍വെച്ച് പ്രതിജ്ഞ ചെയ്തു.

ഹിന്ദുമതത്തിനുള്ളില്‍ തൊട്ടുകൂടായ്മ, സതി, ജൗഹര്‍ തുടങ്ങിയ ആചാരങ്ങള്‍ നിര്‍ത്തലാക്കിയെന്ന് പറഞ്ഞ യാദവ് എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ ഇപ്പോഴും ഒന്നിലധികം ഭാര്യമാരുള്ള ആചാരം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ‘ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതിനാല്‍ എല്ലാ മതങ്ങളും ചീത്ത ദുരാചാരങ്ങള്‍ സ്വയം ഒഴിവാക്കണം. അല്ലാത്തപക്ഷം രാജ്യം എല്ലാ പൗരന്മാര്‍ക്കും ഒരു പൊതു നിയമം കൊണ്ടുവരും.

ഹിന്ദുമതം നമ്മുടെ കുട്ടികളെ ജനനം മുതല്‍ സഹിഷ്ണുതയും ദയയും പഠിപ്പിക്കുന്നു. മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നു. നിങ്ങള്‍ മൃഗങ്ങളെ അവരുടെ മുന്നില്‍ വെച്ച് അറുക്കുമ്പോള്‍ നിങ്ങളുടെ കുട്ടി സഹിഷ്ണുതയും ദയയും എങ്ങനെയാണ് പഠിക്കുക,’ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ചോദിച്ചു.

അതേസമയം ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണുയരുന്നത്. അഭിഭാഷകയായ ഇന്ദിര ജയ് സിങ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍,  സിറ്റിങ് ജഡ്ജി ഒരു ഹിന്ദു സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നത് ലജ്ജാകരമാണെന്ന് പറഞ്ഞിരുന്നു.

ഇതാദ്യമായല്ല ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. 2021സെപ്റ്റംബറില്‍, ‘ഓക്‌സിജന്‍ പുറന്തള്ളുന്ന ഒരേയൊരു മൃഗം പശുവാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

പശുവിനെ ദേശീയ മൃഗമായി കാണണമെന്നും പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. യു.പിയിലെ ഗോവധ നിയമപ്രകാരം മോഷണം, പശുക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടയാളുടെ ജാമ്യാപേക്ഷ തള്ളുന്നതിനിടെയാണ് ഈ പരാമര്‍ശം.

Content Highlight: India will run as per the wishes of its majority says  Allahabad High Court judge at VHP seminar