| Sunday, 7th June 2020, 6:29 pm

നാളെ മുതല്‍ രാജ്യത്ത് തുറക്കുന്നത് ആരാധനാലയങ്ങളുള്ള 820 സ്മാരകങ്ങള്‍; അനുമതി നല്‍കി സാംസ്‌കാരിക മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ക്ഡൗണില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരാനിരിക്കെ രാജ്യത്തെ 820 ചരിത്ര സ്മാരകങ്ങള്‍ തുറക്കാനൊരുങ്ങി കേന്ദ്ര സാംസ്‌കാരിക വകുപ്പ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിതമായ ആരാധാനാലയങ്ങളോട് കൂടിയ സ്മാരകങ്ങളാണ് നാളെ മുതല്‍ തുറക്കാനൊരുങ്ങുന്നത്.

എ.എസ്.ഐയുടെ കീഴിലുള്ള 3000ത്തിലധികം വരുന്ന സ്മാരകങ്ങളില്‍ 820 എണ്ണം മാത്രം തുറക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നതെന്നാണ് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞത്.

‘ജൂണ്‍ എട്ട് മുതല്‍ എ.എസ്.ഐക്ക് കീഴിലുള്ള 820 സ്മാരകങ്ങള്‍ തുറക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നല്‍കുന്ന നിര്‍ദേശങ്ങളനുസരിച്ചായിരിക്കും സന്ദര്‍ശനം,’ പ്രഹ്ലാദ് പട്ടേല്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹിയിലെ ലാല്‍ ഗുംബാദ്, ഖുതുബ് പുരാവസ്തു പ്രദേശം, ഹൗസ് ഖാസിലെ നിലി മസ്ജിദ്   തുടങ്ങിയ മതാരാധനാ കേന്ദ്രങ്ങളാണ് തുറക്കുന്നത്.

കൊവിഡ് സംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സ്മാരകങ്ങള്‍ തുറക്കുകയെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് കേന്ദ്രത്തിന്റെ സംരക്ഷണത്തിലുള്ളതും എ.എസ്.ഐയുടെ സംരക്ഷണത്തിലുള്ളതുമായി 3,691 സ്മാരകങ്ങളാണുള്ളത്. കൊവിഡ് വ്യാപനം കാരണം മാര്‍ച്ച് 17 മുതല്‍ ഇവയെല്ലാം അടഞ്ഞു കിടക്കുകയാണ്.

സന്ദര്‍ശകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more