ന്യൂദല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറവാണെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
അതേസമയം, സാമ്പത്തിക മാന്ദ്യം ഘടനാപരമല്ലെന്നും ചാക്രിക സ്വഭാവമുള്ളതാണെന്നും 2020 മാര്‍ച്ചോടെ അവസാനിക്കുമെന്നും ബി.ജെ.പി നേതാവ് അശ്വനി യാദവ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ 32 നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു. ജി.എസ്.ടി വരുമാനമായി ആകെ ലഭിക്കേണ്ട 6.63 ലക്ഷം കോടിയില്‍ നിന്നും 3.26ലക്ഷം കോടി രൂപ രൂപ ഏഴു മാസം കൊണ്ട് സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും 2014 മുതല്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നതായും മന്ത്രി വ്യക്തമാക്കി.
ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്കാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ്.ബി.ഐ, നൊമുറ ഹോള്‍ഡിങ്സ്, ക്യാപിറ്റല്‍ എകണോമിക്സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലായിരുന്നു.