രോഹിത്തിന്റെ വിക്കറ്റില്‍ ഇന്ത്യ സമ്മര്‍ദത്തിലാവില്ല; വിജയ സാധ്യത ഇന്ത്യക്ക് തന്നെ
2023 ICC WORLD CUP
രോഹിത്തിന്റെ വിക്കറ്റില്‍ ഇന്ത്യ സമ്മര്‍ദത്തിലാവില്ല; വിജയ സാധ്യത ഇന്ത്യക്ക് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 3:35 pm

വാംഖഡെയില്‍ ആവേശകരമായ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബാറ്റിങ്ങ് തെരെഞ്ഞെടുക്കുകയാണ്. ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ 29 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. 167.7  സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. ടിം സൗത്തിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസാണ് എടുത്തത്.

ഇതിനോടകം രോഹിത് ഐതിഹാസികമായ മറ്റൊരു റെക്കോഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ 49 സിക്‌സറുകളുടെ റെക്കോഡാണ് ഇതോടെ ഹിറ്റ്മാന്‍ മറികടന്നത്.

ഓപ്പണിങ്ങില്‍ ഇറങ്ങിയ ഗില്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ആദ്യ സെമി ഫൈനലില്‍ 41 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറിനേടി മിന്നും പ്രകടനമാണ് ഗില്‍ തുടരുന്നത്. നിലവില്‍ കളി തുടരുമ്പോള്‍ ക്രീസില്‍ കോഹ്‌ലിയും ഗില്ലുമാണ് ഉള്ളത്. മത്സരം പുരോഗമിക്കുമ്പോള്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ഇന്ത്യ നേടിയത്.

മികച്ച സ്‌കോറില്‍ ആദ്യ ഇന്നിങ്‌സ് തീര്‍ത്ത് ശക്തമായ ബൗളിങ്ങിലൂടെ കിവീസിനെ തളയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

മത്സരത്തില്‍ ടോസ് നിര്‍ണായകമാണെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. 2023 ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്ക് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. 2003 ലോകകപ്പിന് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനോട് ലോകകപ്പില്‍ വിജയിച്ചിട്ടില്ല എന്ന പേരും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തിരുത്തിക്കുറിച്ചിരുന്നു.

2019 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഈ പ്രാവിശ്യം കാര്യങ്ങള്‍ മറിച്ചാണ്. കളിച്ച മത്സരങ്ങളില്‍ എല്ലാം വിജയിച്ച് പോയിന്റ് പട്ടികയില്‍ ആധിപത്യം സ്ഥാപിക്കാന്‍ രോഹിത്തിനും സംഘത്തിനും കഴിഞ്ഞു. എന്നാല്‍ നോക്ക് ഔട്ട് സ്‌റ്റേജില്‍ എന്തും സംഭവിക്കുമെങ്കിലും വിജയ സാധ്യതകള്‍ ഇന്ത്യയോടൊപ്പമാണ്.

മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്ട് ഡൗളും മത്സരത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായിരുന്നു. നോക്ക് ഔട്ട് മത്സരത്തില്‍ ഇരുവര്‍ക്കും ടോസ് നിര്‍ണായകമാകുമെന്നും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് പിച്ച് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. 300ല്‍ കൂടുതല്‍ റണ്‍സ് കിവീസ് നേടിയീല്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത് മികച്ച പ്രകടനം നടത്തുകയാണ്. ബാറ്റിങ് നിരയുടെ മികച്ച ഫോമും ബൗളിങ് നിരക്ക് എതിരാളികളെ സമ്മദത്തിലാക്കാനുള്ള കഴിവും ഇന്ത്യയുടെ പ്രത്യേകതയാണ്. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

 

Content Highlight: India will not be under pressure with Rohit’s wicket, India has a chance of winning