ലോകകപ്പില്‍ പന്തിന്റെ അഭാവം ഇന്ത്യ അറിയും; ഗാംഗുലിയുടെ മുന്നറിയിപ്പ്
Cricket
ലോകകപ്പില്‍ പന്തിന്റെ അഭാവം ഇന്ത്യ അറിയും; ഗാംഗുലിയുടെ മുന്നറിയിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th May 2019, 7:58 am

ന്യൂദല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താതില്‍ വീണ്ടും വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പന്തിന്റെ അഭാവം ഇന്ത്യ അറിയുമെന്ന് ഗാംഗുലി പറഞ്ഞു. പന്തിനെ ഉള്‍പ്പെടുത്താത്തതിലുള്ള വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് ഗാംഗുലി വീണ്ടും വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയത്.

ഇന്ത്യയുടെ 15 അംഗ പ്രാഥമിക ലോകകപ്പ് ടീമിലില്ലാത്ത ഋഷഭിനെ റിസര്‍വ് താരമായാണ് ഇന്ത്യ പരിഗണിക്കുന്നത്. മാച്ച് വിന്നിംഗ്- ഫിനിഷിംഗ് ഇന്നിംഗ്സുകൊണ്ട് അമ്പരപ്പിക്കുന്ന താരത്തെ എന്തുകൊണ്ട് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യവുമായി നിരവധി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇത്തവണത്തെ ഐ.പി.എലില്‍ മികച്ച ഫോമിലായിരുന്നു പന്ത്. 16 കളിയില്‍ 162.66 സ്‌ട്രൈക്ക് റേറ്റില്‍ 37.53 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 488 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പന്ത് ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്നു കരുതിയെങ്കിലും രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തിക്കിനെ പരിഗണിക്കുകയായിരുന്നു. എന്നാല്‍ പകരക്കാരുടെ നിരയില്‍ പന്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐ.പി.എലില്‍ മത്സരത്തിനിടെ ലോകകപ്പ് ടീമിലുള്ള കേദാര്‍ ജാദവിന് തോളിനു പരിക്കേറ്റിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരത്തിനു മുമ്പ് ജാദവിന്റെ പരിക്ക് ദേഭമാകുമോ എന്നറിയാനായി കാത്തിരിക്കുകാണ്. ജാദവ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.