00:00 | 00:00
ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയല്ലെന്ന് പറഞ്ഞാല്‍ എം.എല്‍.എ സ്ഥാനം നഷ്ടമാകുന്ന ഇന്ത്യ
ശ്രീലക്ഷ്മി എസ്.
2025 Mar 05, 03:12 pm
2025 Mar 05, 03:12 pm

മുഗള്‍ ഭരണാധികാരി ഔറംഗസേബ് ആലംഗീര്‍ ക്രൂരനായ ഭരണാധികാരിയല്ല, മഹാരാഷ്ട്രയിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ അബു അസീം ആസ്മിയുടെ വാക്കുകളാണിത്. ഇങ്ങനെ ഔറംഗസേബിനെ പിന്തുണച്ചതിന് അബു അസീം ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അദ്ദേഹത്തെ നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയുമാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണകൂടം.

ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ പണിതു. വാരണാസിയില്‍, ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പുരോഹിതനില്‍ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊല്ലിച്ചു ഇതായിരുന്നു മഹാരാഷ്ട്ര നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ആസ്മിയുടെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ സംഭവബഹുലമായ വിഷയങ്ങള്‍ നടന്നത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായായി ആസ്മി നടത്തിയ പരാമര്‍ശമാണ് എന്‍.ഡി.എ നേതാക്കളെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയ ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവര്‍ ആസ്മിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. ആസ്മിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ഷിന്‍ഡെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍..എ അബു അസിം ആസ്മിയെ മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണകൂടം സസ്‌പെന്റ് ചെയ്തത്. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് 26 ന് അവസാനിക്കുന്നതുവരെയാണ് അസ്മി സസ്‌പെന്ഷന്‍ നേരിടുക.

മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് സഭില്‍ സസ്‌പെന്‍ഷന് വേണ്ടിയുള്ള പ്രമേയം പാസാക്കിയത്. ഔറംഗസേബിനെ പ്രശംസിച്ചത് മറാത്ത രാജാവായ ഛത്രപതി ശിവജിയെയും അദ്ദേഹത്തിന്റെ മകന്‍ ഛത്രപതി സംഭാജിയെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ട്രഷറി ബെഞ്ചുകളിലെ അംഗങ്ങള്‍ വാദിച്ചു. തുടര്‍ന്ന് സസ്പെന്‍ഷന്‍ പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു.

ഔറംഗസേബിനെ പ്രശംസിച്ചും സംഭാജിയെ വിമര്‍ശിച്ചും ആസ്മി നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭാംഗത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും ഇത് നിയമസഭയുടെ ജനാധിപത്യ സ്ഥാപനത്തോടുള്ള അപമാനമാണെന്നുമായിരുന്നു പാട്ടീലിന്റെ വാദം.

എന്നാല്‍ തന്റെ പ്രസ്താവന പലരും വളച്ചൊടിക്കുകയാണെന്നായിരുന്നു ആസ്മിയുടെ ഭാഗം. ഔറംഗസേബിനെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണെന്നും ശിവാജിയെയോ , സംഭാജിയെയോ, ഏതെങ്കിലും ദേശീയ ഐക്കണുകളെയോ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: India will lose the position of MLA if he says Aurangzeb was not a cruel ruler

 

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം