|

ഇതാ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2025 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഇത് നാലാം തവണയാണ് വനിതകളുടെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ത്യ വേദിയാകാനൊരുങ്ങുന്നത്.

1978, 1997, 2013 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇന്ത്യ ഇതിന് മുമ്പ് വേള്‍ഡ് കപ്പിന് വേദിയായത്. ഓസ്‌ട്രേലിയയായിരുന്നു ഈ മൂന്ന് തവണയും ചാമ്പ്യന്‍മാരായത്. നിലവിലെ ചാമ്പ്യന്‍മാരും ഓസീസ് തന്നെ.

2024 – 2027 വരെയുള്ള എല്ലാ മേജര്‍ ഐ.സി.സി ടൂര്‍ണമെന്റുകള്‍ക്കുള്ള വേദിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബെര്‍മിങ്ഹാമില്‍ നടക്കുന്ന ഐ.സി.സി വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനമായത്.

2024ല്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഐ.സി.സി വനിതാ ടി-20 ലോകകപ്പ് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ നാല് വനിതാ ടൂര്‍ണമെന്റുകള്‍ നടക്കുമെന്ന് ഐ.സി.സി പ്രഖ്യാപിച്ചു.

ഇതാദ്യമായാണ് ബംഗ്ലാദേശ് ഐ.സി.സിയുടെ ഒരു മേജര്‍ ടൂര്‍ണമെന്റിന് വേദിയാകാനൊരുങ്ങുന്നത്. എന്നാല്‍ ഇതിന് മുമ്പ് 1998ലെ മെന്‍സ് നോക്കൗട്ട് ട്രോഫി ഹോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമൊപ്പം 2011 മെന്‍സ് ലോകകപ്പിന് സഹ ആതിഥേയത്വവും വഹിച്ചിരുന്നു.

2026 ഐ.സി.സി ടി-20 ലോകകപ്പിന് ഇംഗ്ലണ്ടാണ് വേദിയാവുക. 2027 ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനായാല്‍ മാത്രം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്കയ്ക്കാവും.

അതേസമയം, അടുത്ത വര്‍ഷത്തെ മെന്‍സ് ലോകകപ്പ് ഇന്ത്യയില്‍ വെച്ചാവും നടക്കുന്നത്. 2023ന് പുറമെ 2031ലും ഇന്ത്യ തന്നെയാവും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാവുക.

2024 മുതല്‍ 2031 വരെയുള്ള ഗ്ലോബല്‍ ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) നേരത്തെ അറിയിച്ചിരുന്നു. 2024ല്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പോടെയാണ് പുതിയ ടൂര്‍ണമെന്റ് ഷെഡ്യൂളിന് തുടക്കമാവുന്നത്.

2024 ടി-20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നത്. 20 ടീമുകളെ ഉള്‍ക്കൊള്ളിച്ചാണ് 2024 ലോകകപ്പ് നടക്കുന്നത്.

2027ലും 2031ലും നടക്കുന്ന ഐ.സി.സി ലോകകപ്പിലും ടീമുകളുടെ എണ്ണം വര്‍ധിക്കും. 14 ടീമുകളാവും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നിലവില്‍ 10 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

2022 ടി-20 ലോകകപ്പാണ് വരാനിരിക്കുന്ന ഏറ്റവും വലിയ ഐ.സി.സി ടൂര്‍ണമെന്റ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ തന്നെയാണ് വേള്‍ഡ് കപ്പിന്റെ ആതിഥേയരും.

ഒക്ടോബര്‍ 16നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. നവംബര്‍ 13നാവും കലാശപ്പോരാട്ടം.

Content Highlight:  India will host the 2025 Women’s World Cup.

Latest Stories