അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യ വേദിയാകും. ടി-20 ഫോര്‍മാറ്റിലാണ് അടുത്ത വര്‍ഷം ടൂര്‍ണമെന്റ് നടക്കുക. അതേസമയം, 2027ല്‍ നടക്കുന്ന 50 ഓവര്‍ ഏഷ്യാ കപ്പിന് ബംഗ്ലാദേശും വേദിയാകും.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരുള്‍പ്പെടെ ആറ് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുക. ആറാമത് ടീമിനെ യോഗ്യതാ റൗണ്ടിലൂടെ തെരഞ്ഞെടുക്കും. ഫൈനല്‍ അടക്കം 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുകയെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.
ഏഷ്യാ കപ്പിന്റെ തീയ്യതികള്‍ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും മണ്‍സൂണിന് ശേഷം സെപ്റ്റംബറിലാണ് ടൂര്‍ണമെന്റ് നടക്കുക.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന് വേദിയാകുന്നത്. 1990-91 സീസണിലാണ് ഇന്ത്യ ഇതിന് മുമ്പ് ആദ്യമായും അവസാനമായും ഏഷ്യാ കപ്പിന് വേദിയായത്.
മൂന്ന് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യ തന്നെയായിരുന്നു കപ്പുയര്‍ത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജയ് മഞ്ജരേക്കര്‍, ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇപ്പോള്‍ നീണ്ട 34 വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പിന് വീണ്ടും ഇന്ത്യ വേദിയാകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
2025 ഏഷ്യാ കപ്പിന് പുറമെ 2026ല്‍ നടക്കുന്ന ടി-20 ലോകകപ്പിനും ഇന്ത്യ സഹ ആതിഥേയരാണ്. ശ്രീലങ്കക്കൊപ്പമാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും ശ്രീലങ്കയും ഇതിനോടകം തന്നെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മറ്റ് പത്ത് ടീമുകളും ഇതിനോടകം 2026 ടി-20 ലോകകപ്പിന് ടിക്കറ്റെടുത്തിട്ടുണ്ട്.
2024 ടി-20 ലോകകപ്പില്‍ നിന്നും നേരിട്ട് യോഗ്യത നേടിയ ടീമുകള്‍ – അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്
ഐ.സി.സി ടി-20ഐ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ടീമുകള്‍ – അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍.