ഇന്ത്യ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ ഞങ്ങള്‍ തിരിച്ച് പത്തെണ്ണം നടത്തും; പാകിസ്ഥാന്‍
World News
ഇന്ത്യ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ ഞങ്ങള്‍ തിരിച്ച് പത്തെണ്ണം നടത്തും; പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 1:40 pm

ഇസ്‌ലാമാബാദ്: ഇന്ത്യ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ പാകിസ്ഥാന്‍ തിരിച്ച് പത്തെണ്ണം നടത്തുമെന്ന് പാകിസ്ഥാന്‍ സായുധസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനെതിരെ ഇന്ത്യ മിന്നലാക്രമണത്തിന് മുതിര്‍ന്നാല്‍ തിരിച്ച് അത്തരത്തിലുള്ള പത്ത് പ്രത്യാക്രമണങ്ങള്‍ക്ക് ഇന്ത്യ തയാറിയിരിക്കണം.

ഞങ്ങള്‍ക്കെതിരെ ദൗര്‍ഭാഗ്യകരമായ തീരുമാനം എടുക്കുന്നവര്‍ക്ക് പാകിസ്ഥാന്റെ കഴിവുകളില്‍ സംശയം ഉണ്ടാവാന്‍ പാടില്ല- ആസിഫ് ഗഫൂര്‍ പറഞ്ഞതായി പാകിസ്ഥാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.


പാകിസ്ഥാനിലെ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തലാണ് പട്ടാളത്തിന്റെ ലക്ഷ്യമെന്നും രാജ്യത്ത് സമ്പൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാകിസ്ഥാനില്‍ ജൂലൈയില്‍ നടന്ന തെരെഞ്ഞെടുപ്പ് ഇത് വരെ നടന്നതില്‍വച്ച് ഏറ്റവും സുതാര്യമായ തെരെഞ്ഞെടുപ്പാണെന്നും മറിച്ച് അവകാശപ്പെടുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈയിലെ തെരെഞ്ഞടുപ്പ് പട്ടാളവും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തഹ്‌രീക്ക് ഇന്‌സാഫും ചേര്‍ന്ന് അട്ടിമറിച്ചതാണെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.