അമേരിക്കയുടെ ചൊല്‍പ്പടിയ്ക്ക് ഇന്ത്യ നില്‍ക്കില്ല ; ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും
World News
അമേരിക്കയുടെ ചൊല്‍പ്പടിയ്ക്ക് ഇന്ത്യ നില്‍ക്കില്ല ; ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 11:12 pm

ന്യൂദല്‍ഹി: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്നും അളവില്‍ കുറവ് വരുത്തില്ലെന്നും ഇന്ത്യ അറിയിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിന് ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് തീരുമാനം അറിയിച്ചത്.എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന്‌ശേഷം ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന്‌റെ ഭാഗമായി ഇന്ത്യ എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവമുയി ഇറാന്‍ രംഗത്തെത്തിയത്.

ALSO READ:14 കാരിയെ പീഡിപ്പിച്ച കേസ്; കെ.എം.സി.സി നേതാവിനെയും ഭാര്യയേയും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇനിയും തുടരും. മാത്രമല്ല സാമ്പത്തിക മേഖലയില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് പറഞ്ഞു.

ചൈന കഴിഞ്ഞാന്‍ ഇറാന്‌റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയെ പിണക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റ്: മലയാളിക്ക് ലോങ് ജമ്പില്‍ റെക്കോര്‍ഡോടെ സ്വര്‍ണം

ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി വ്യപാരമേഖലയിലടക്കം കനത്ത നിയന്ത്രണമാണ് അമേരിക്ക കൊണ്ടുവന്നിരിക്കുന്നത്. ഇതിന് മറുപടിയായി യൂറോപ്യന്‍ രാജ്യങ്ങളോടും ചൈനയോടും സഹകരിച്ച് പുതിയ വ്യപാര കരാറിന് തെഹ്‌റാന്‍ തുടക്കം കുറിച്ചിരുന്നു.