| Tuesday, 8th November 2022, 9:19 pm

സെമി കടന്നാല്‍ അല്ലേ ഫൈനല്‍; കാത്തിരിക്കുകയേ ഉള്ളൂ; ഇന്ത്യ-പാക് ഫൈനല്‍ സാധ്യതകളെ കുറിച്ച് എ.ബി.ഡി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം. സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ന്യൂസിലാന്‍ഡിനോടാണ് പാകിസ്ഥാന്‍ ഏറ്റുമുട്ടുക.

സെമി കടന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടുന്ന ആ മുഹൂര്‍ത്തത്തിന് വേണ്ടിയാണ് ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നത്.

എന്നാല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അങ്ങനെയൊരു മത്സരത്തിന് യാതൊരുവിധ സാധ്യതയുമില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ.ബി.ഡി വില്ലിയേഴ്‌സ് പറയുന്നത്.

സെമി ഫൈനലിൽ പാകിസ്ഥാൻ തോൽവി വഴങ്ങുമെന്നും ഇന്ത്യ ന്യൂസിലാൻഡിനെയാണ് നേരിടുക എന്നുമാണ് അദ്ദേഹം പറഞ്ഞത്. ടീം ഇന്ത്യ ആയിരിക്കും കപ്പുയർത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”എല്ലാവരും മികച്ച ഫോമിലാണ്. സൂര്യകുമാറും. വിരാടുമെല്ലാം തങ്ങളുടെ മികച്ച ഫോമിലാണിപ്പോൾ. രോഹിത് ഇപ്പോൾ അത്ര നല്ല പ്രകടനം കാഴ്ച വെക്കുന്നില്ലെങ്കിലും മുന്നേറുമെന്ന് തന്നെ പ്രതീക്ഷിക്കാം, കാരണം അദ്ദേഹം മികച്ച കളിക്കാരനാണെന്നതിൽ സംശയമൊന്നുമില്ല.

ഇന്ത്യൻ ടീമിലെ ബാറ്റിങ് ലൈനപ്പ് കഴിവു തെളിയിച്ചവരാണ്. ഇന്ത്യ ന്യൂസിലാൻഡുമായി ഏറ്റുമുട്ടുന്ന മുഹൂർത്തമാണ് ഞാൻ ഉറ്റുനോക്കുന്നത്. സെമി ഫൈനലിൽ ഇന്ത്യ മുന്നേറും, തീർച്ചയായും ഫൈനൽ കിരീടവും അവർ തന്നെ നേടും.

പാകിസ്ഥാൻ സെമി ഫൈനൽ കടക്കുകയാണെങ്കിൽ ഇന്ത്യ-പാക് ഫൈനൽ രസകരമായിരിക്കും, അങ്ങനെയൊരു മത്സരത്തിനായി ഞാനും കാത്തിരിക്കുന്നുണ്ടെങ്കിലും ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടാനാണ് സാധ്യത,’എ.ബി.ഡി പറഞ്ഞു.

ടി-20 ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സൂപ്പർതാരം സൂര്യ കുമാർ യാദവും പുറത്തെടുക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികളും 246 റൺസുമാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.

സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്ഥാനെതിരെ നടന്ന ആദ്യ മത്സരത്തിൽ കോഹ്‌ലി പുറത്താവാതെ 82 റൺസ് നേടിയിരുന്നു. കോഹ്‌ലിയുടെ എക്കാലത്തെയും മികച്ച ടി-20 ഇന്നിങ്സായി അത് വാഴ്ത്തപ്പെടുകയും ചെയ്തിരുന്നു.

അഞ്ച് കളിയിൽ നിന്ന് മൂന്ന് ഫിഫ്റ്റി സഹിതം 225 റൺസാണ് സ്‌കൈ സ്വന്തമാക്കിയത്. ബൗളർമാരിൽ പേസർമാരായ അർഷ്ദീപ് സിങ് 10ഉം ഹർദിക് പാണ്ഡ്യ എട്ടും മുഹമ്മദ് ഷമി ആറും ഭുവനേശ്വർ നാലും സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആറും വിക്കറ്റാണ് ഇതുവരെ നേടിയത്.

എ.ബി.ഡിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ രണ്ടാം ടി-20 വിശ്വ കിരീടമാകും ഇത്. 2007ലെ പ്രഥമ ലോകകപ്പിൽ കിരീടം ഇന്ത്യക്കായിരുന്നു.

Content Highlights: India will compete with England, Ab de Villiers predicts t-20 world cup final

We use cookies to give you the best possible experience. Learn more