ഷില്ലോങ്: ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോളിന് സമാനമായ ഒരു ഉത്സവം ആഘോഷിക്കപ്പെടുമെന്നും, അവിടെ ത്രിവര്‍ണ പതാക പാറിപ്പറക്കുന്ന ദിവസം വിദൂരമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മേഘാലയയിലെ ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ ജൂബിലി ആഘോഷവും വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘നമ്മളെല്ലാം ഖത്തറിലെ കളിയും, അവിടെ കളത്തില്‍ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെയും നോക്കിക്കാണുകയാണ്. ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഇന്ത്യയില്‍ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവര്‍ണ പതാക പാറിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,’ മോദി പറഞ്ഞു.
ഫുട്ബോള്‍ ജ്വരം നമ്മെ എല്ലാവരേയും ബാധിച്ചിരിക്കുമ്പോള്‍ ഫുട്ബോള്‍ പദപ്രയോഗങ്ങളില്‍ എന്തുകൊണ്ട് സംസാരിച്ചുകൂടായെന്ന് ചോദിച്ച പ്രധാനമന്ത്രി മോദി ആരെങ്കിലും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുമെന്നും പറഞ്ഞു. ഈ രീതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി, വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിരവധി തടസങ്ങള്‍ക്ക് തങ്ങള്‍ ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.
‘ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന ദിവസം തന്നെ ഞാന്‍ ഒരു ഫുട്ബോള്‍ മൈതാനത്ത് ഫുട്ബോള്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നത് യാദൃശ്ചികമാണ്.
ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നു. മറുവശത്ത് ഒരു ഫുട്ബോള്‍ മൈതാനത്ത് നിന്ന് ഞങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
അഴിമതി, സ്വജനപക്ഷപാതം, അക്രമം, പദ്ധതികള്‍ സ്തംഭിപ്പിക്കല്‍, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഇല്ലാതാക്കന്‍ ഞങ്ങള്‍ പലവിധ ശ്രമങ്ങളും നടത്തി വരുന്നു.
എന്നാല്‍ ഈ രോഗങ്ങളുടെ വേരുകള്‍ ആഴത്തില്‍ പരന്നുകിടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നാമെല്ലാവരും ഒരുമിച്ച് അതിനെ വേരോടെ പിഴുതെറിയണം,’ പ്രധാനമന്ത്രി പറഞ്ഞു.