ന്യൂദല്‍ഹി: 2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ആയേക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി. 2025 ഓടെ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വെറും പത്തു ശതമാനമായി ചുരുങ്ങുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
“ഇന്ന് നമ്മുടെ മൊത്തം സാമ്പത്തിക ശേഷി 2.9 ട്രില്ല്യന്‍ ഡോളറാണ്. അഞ്ചാം സ്ഥാനത്തിന്റേയും ആറാം സ്ഥാനത്തിന്റേയും ഇടയ്ക്ക് ഡോളറിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഇന്ത്യയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുകയാണ്. 2030ഓടെ പത്തു ട്രില്ല്യന്‍ ഡോളറായി ഇന്ത്യയുടെ സാമ്പത്തിക ശേഷി വര്‍ധിക്കും”- ദല്‍ഹിയിലെ ശ്രീ രാം കോളേജ് ഓഫ് കൊമേഴ്‌സില്‍ സംസാരിക്കവേ ജെയ്റ്റ്‌ലി പറഞ്ഞു.
2025ഓടെ ഇന്ത്യയുടെ ദാരിദ്ര്യം പത്തു ശതമാനമായി കുറയുമെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. 2011 സെന്‍സസ് പ്രകാരം ഇന്ത്യയുടെ 21.9 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നെന്നും ഇന്നത് 17 ശതമാനമായി മാറിയിരിക്കുമെന്ന് താന്‍ ഊഹിക്കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു. 2024-2025ഓടെ അത് ഒറ്റ സംഖ്യയിലേക്ക് പ്രവേശിക്കുമെന്നും ജെയ്റ്റ്‌ലി പറയുന്നു.
2005ല്‍ 18 ശതമാനം ഉണ്ടായിരുന്ന ഇന്ത്യയുടെ മധ്യവര്‍ഗം 2025ഓടെ 44 ശതമാനമായി വര്‍ധിക്കുമെന്നും ധനകാര്യമന്ത്രി പറയുന്നു. അടുത്ത 20 വര്‍ഷക്കാലത്തേക്ക്, അടിസ്ഥാന സൗകര്യം വികസനം, ലിംഗസമത്വം, ഗ്രാമീണ വികസനം എന്നീ മൂന്ന് ഘടകങ്ങളുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യയുടെ വളര്‍ച്ചയെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.