| Monday, 18th September 2023, 1:07 pm

ഏഷ്യാ കപ്പടിച്ചിട്ടും ലഭിക്കാത്ത നേട്ടം വെറും ഒരു വിജയമകലെ; പാകിസ്ഥാന്‍ കരയുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ എട്ടാം തവണയും ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ കരുത്തിലാണ് ഇന്ത്യ ആതിഥേയരെ ചെറിയ സ്‌കോറില്‍ തളച്ചത്. സിറാജിന് പുറമെ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് വെറും 37 പന്തില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും എട്ടാം കിരീടം നേടുകയുമായിരുന്നു.

ഏഷ്യാ കപ്പില്‍ കിരീടം നേടിയെങ്കിലും ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. പാകിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയിപ്പോഴുള്ളത്.

(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

എന്നാല്‍ പാകിസ്ഥാനെ മറികടന്നുകൊണ്ട് റാങ്കിങ്ങില്‍ ഒന്നാമതെത്താനുള്ള വഴി ഇന്ത്യക്ക് മുമ്പില്‍ തുറന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ടെസ്റ്റ് റാങ്കിങ്ങിലും ടി-20 റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏകദിന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള വഴിയാണ് മുമ്പിലുള്ളത്.

മൂന്ന് ഏകദിനമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലും നടക്കും.

അതേസമയം, ഇന്ത്യക്കെതിരായ പരമ്പക്കുള്ള സ്‌ക്വാഡിനെ ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാറ്റ് കമ്മിന്‍സിന്റെയും സ്റ്റീവ് സ്മിത്തിന്റെയും തിരിച്ചുവരവാണ് സ്‌ക്വാഡിനെ കൂടുതല്‍ ശക്തമാക്കുന്നത്.

ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ എല്ലിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഗ.

Content highlight: India will become the number 1 ODI team if the beat Australia in 1st match

We use cookies to give you the best possible experience. Learn more