ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ജാധവും കുല്‍ദീപും ഇല്ല, പകരം കാര്‍ത്തിക്കും ഭുവിയും; അവസാന ഇലവനില്‍ നാല് വിക്കറ്റ് കീപ്പര്‍മാര്‍
ICC WORLD CUP 2019
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ജാധവും കുല്‍ദീപും ഇല്ല, പകരം കാര്‍ത്തിക്കും ഭുവിയും; അവസാന ഇലവനില്‍ നാല് വിക്കറ്റ് കീപ്പര്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2019, 2:59 pm

ബിര്‍മിങ്ഹാം: ലോകകപ്പില്‍ സെമി പ്രവേശനത്തിനു വേണ്ടി ഇന്ത്യ അല്പസമയത്തിനകം കളത്തിലിറങ്ങും. ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

മോശം ഫോമിന് ഏറെ വിമര്‍ശനം കേട്ട കേദാര്‍ ജാധവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെയാണ് ഉള്‍പ്പെടുത്തിയത്. അതേസമയം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

നേരത്തേ മോശം ഫോമിലായിരുന്ന വിജയ് ശങ്കര്‍ പരിക്കുപറ്റി ടീമില്‍ നിന്നു പുറത്തായിരുന്നു. ശങ്കറിനു പകരം കര്‍ണാടക ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിനെയാണ് ടീമിലെടുത്തത്.

കാര്‍ത്തിക്കിനെക്കൂടി ഉള്‍പ്പെടുത്തിയതോടെ നാല് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് ഇപ്പോള്‍ ഇലവനില്‍ കളിക്കുന്നത്. ധോനി, രാഹുല്‍, ഋഷഭ് പന്ത് എന്നിവരാണ് മറ്റുള്ളവര്‍.

റണ്ണൊഴുകുന്ന എജ്ബാസ്റ്റണിലെ പിച്ചില്‍ ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കും എന്നുതന്നെയായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ത്യ തോറ്റ ഇംഗ്ലണ്ടിനെതിരായ മത്സരം നടന്നത് ഇവിടെയായിരുന്നു. രണ്ട് ഇന്നിങ്‌സിലും ഈ മത്സരത്തില്‍ മുന്നൂറിനപ്പുറം സ്‌കോര്‍ പോയി.

ഏഴ് മത്സരങ്ങളില്‍ ഒന്നുമാത്രം പരാജയപ്പെട്ട ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. അതേസമയം ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ബംഗ്ലാദേശ് ഏഴാംസ്ഥാനത്താണ്.