[]ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നാണ് പറയുന്നത്. രാജ്യം പുറത്തിറക്കുന്ന കോയിനുകളും കറന്‍സികളും ഒരു തരത്തിലും ഒരു മതത്തെ പ്രതിനിധാനം ചെയ്യുന്നതുമായിരിക്കില്ല.
എന്നാല്‍ തിരഞ്ഞെടുപ്പ് പടിവാതിലെത്തി നില്‍ക്കെ ഹിന്ദു ദൈവമായ വൈഷ്‌ണോ ദേവിയുടെ മുദ്രയോടുകൂടിയുള്ള 5 രൂപ കോയിന്‍ പുറത്തിറക്കി വിവാദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.
കോയിന്‍ പുറത്തിറക്കിയ ഉടന്‍ തന്നെ നിരവധി ഹിന്ദു വിശ്വാസികള്‍ കോയിന്‍ ശേഖരിക്കാനും തുടങ്ങി. വൈഷ്‌ണോ ദേവിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കോയിന്‍ സര്‍ക്കാര്‍ പുറത്തിറക്കിയതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്.
അതേസമയം സ്മരണ പുതുക്കാനായി കോയിനുകള്‍ പുറത്തിറക്കാമെന്നും എന്നാല്‍ അതൊരിക്കലും ഏതെങ്കിലും ദൈവങ്ങളുടെ ചിത്രം വെച്ചുകൊണ്ടുള്ളതാവരുതെന്നുമാണ് ധാരണ.
എന്നാല്‍ പരമ്പരാഗതമായ സ്മരണാര്‍ത്ഥമാണ് ഇത്തരം കോയിനുകള്‍ പുറത്തിറക്കുന്നതെന്നും ഈ വര്‍ഷം തന്നെ ഇത്തരത്തിലുള്ള ആറ് കോയിനുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
150 വര്‍ഷം മുന്‍പുള്ള കുക്ക മൂവ്‌മെന്റ്, സ്വാമി വിവേകാനന്ദന്റെ 150 ാം പിറന്നാള്‍, മോത്തിലാല്‍ നെഹ്‌റുവിന്റെ 150 ാം പിറന്നാല്‍, മദന്‍ മോഹന്‍ മാളവിയയുടെ 150 ാം പിറന്നാള്‍ ആഘോഷവേളയിലെല്ലാം ഇത്തരത്തിലുള്ള കോയിനുകള്‍ ഇറക്കിയിരുന്നെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2013 ഏപ്രില്‍ 26 നാണ് മാതാ വൈഷ്‌ണോ ദേവിയുടെ മുദ്രയോട് കൂടിയുള്ള അഞ്ച് രൂപ കോയിന്‍ പുറത്തിറക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചത്.
എന്നാല്‍ മതേതരത്വം എന്ന കാര്യം തമസ്‌ക്കരിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഈ നയമെന്നാണ് പൊതുവെയുള്ള വിമര്‍ശനം.
ഏതെങ്കിലും മതത്തിന്റെ ദൈവങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരു കോയിനും പുറത്തിറക്കരുതെന്നാണ് നിയമം.
സ്വാമി വിവേകാന്ദന്റെ ചിത്രവും മദന്‍ മോഹന്‍ മാളവിയയുടെ ചിത്രവും ആലേഖനം ചെയ്ത കോയിന്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
എന്നാല്‍ ഇവരെല്ലാം ദേശീയ നേതാക്കളായിരുന്നു. എന്നാല്‍ വൈഷ്‌ണോ ദേവി ഒരു മതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഇത്തരത്തില്‍ ഒരു മതത്തിന്റെ പ്രചാരകനായി സര്‍ക്കാര്‍ മാറുന്നെന്നാണ് വിമര്‍ശനം. പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ 3 തരത്തിലുള്ള ഒരു രൂപ കോയിനുകളാണ് പുറത്തിറക്കിയത്.
ഇതില്‍ തന്നെ ഒരു രൂപ കോയിന്‍ രണ്ട് രൂപയാണെന്നും അന്‍പത് പൈസയാണെന്ന് തെറ്റിദ്ധാരണയുണ്ടാകുന്നെന്നും പരാതിയുണ്ട്.