| Tuesday, 11th June 2024, 9:22 am

ഇറാന്‍, യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങളെ ബ്രിക്സ് യോഗത്തിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഈജിപ്ത്, ഇറാന്‍, യു.എ.ഇ, സൗദി അറേബ്യ, എത്യോപ്യ എന്നീ രാജ്യങ്ങളെ ബ്രിക്‌സ് യോഗത്തിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യ. റഷ്യയുടെ ആതിഥേയത്വത്തിലായിരുന്നു ബ്രിക്‌സ് മിനിസ്റ്റേഴ്‌സ് ഓഫ് ഫോറിന്‍ അഫയര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ മീറ്റിങ് നടന്നത്.

ഈജിപ്ത്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ, ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവര്‍ ബ്രിക്‌സിന്റെ ഭാഗമായതിന് ശേഷമുള്ള ആദ്യ മന്ത്രിതല യോഗമാണ് ഇന്നും നാളെയുമായി നടക്കുന്നത്.

പടിഞ്ഞാറന്‍ റഷ്യയിലെ നിസ്‌നി നോവ്‌ഗൊറോഡില്‍ നടന്ന സുപ്രധാന യോഗത്തില്‍ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ദമ്മു രവി ഇന്ത്യയെ പ്രതിനിധീകരിച്ചു.

‘വികസിപ്പിച്ച ബ്രിക്‌സ് കുടുംബത്തിന്റെ നിര്‍ണായകമായ യോഗമാണ് നടക്കുന്നത്, പുതിയ അംഗങ്ങളെ ഇന്ത്യ പൂര്‍ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു,’ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

റഷ്യയില്‍ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘത്തെ നയിച്ചത് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രവിയാണ്. ഇത്തരം യോഗങ്ങളില്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കാറുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ എസ്. ജയശങ്കറിന് ബ്രിക്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.2024 ജനുവരി ഒന്നിനാണ് ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം റഷ്യ ഏറ്റെടുക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി.

ഈ വര്‍ഷം ഒക്ടോബറില്‍ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് റഷ്യയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടി.എസ്.എസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: India welcomes new members at BRICS meeting held in Russia

 
We use cookies to give you the best possible experience. Learn more