സൗദി-ഇറാന്‍ നയതന്ത്ര ബന്ധം; തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ
World News
സൗദി-ഇറാന്‍ നയതന്ത്ര ബന്ധം; തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2023, 9:30 pm

ന്യൂദല്‍ഹി: ഇറാനും സൗദിക്കുമിടയിലെ നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. കൂടിയാലോചനകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് ഇന്ത്യയുടെ നയമെന്നും ഇറാന്റെയും സൗദിയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറബ് രാജ്യങ്ങളില്‍ തൊഴില്‍ തേടി ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുണ്ടെന്നിരിക്കെ മേഖലയിലെ നയതന്ത്ര ബന്ധങ്ങളില്‍ ഇന്ത്യക്ക് പ്രത്യേക താല്‍പര്യമുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് മുന്‍കയ്യെടുത്ത ചൈനയെക്കുറിച്ച് പരാമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

‘ഇറാനും സൗദിക്കുമിടയിലെ നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഏഷ്യയിലെ വിവിധ രാജ്യങ്ങളുമായി സൗഹൃദ മനോഭാവമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ മേഖലയില്‍ ഞങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്.

കൂടിയാലോചനകളിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം,’ അദ്ദേഹം പറഞ്ഞു.

ചൈനയുടെ ഇടപെടലില്‍ ബീജിങ്ങില്‍ ചേര്‍ന്ന യോഗത്തിലാണ് സൗദിയും ഇറാനും നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന് മുമ്പ് ഒമാനിലും ഇറാഖിലും വെച്ച് ചേര്‍ന്ന യോഗങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൈന വിഷയത്തില്‍ ഇടപെടുന്നത്. ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളുമായി പരസ്പരം നിലനിന്നിരുന്ന വാണിജ്യ സാംസ്‌കാരിക കരാറുകള്‍ പുതുക്കാനും എംബസികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്.

2015ന് ശേഷമാണ് സൗദിക്കും ഇറാനുമിടയില്‍ നയതന്ത്ര ബന്ധം വഷളാവുന്നത്. അതേ വര്‍ഷം യമനിലെ ഇറാന്‍ അനുകൂല വിമതര്‍ക്കെതിരെ സൗദി സൈന്യം ആക്രമണം നടത്തിയതും ഹജ്ജ് കാലത്ത് തിക്കിലും തിരിക്കിലും പെട്ട് നൂറ് കണക്കിന് ഇറാനികള്‍ മരണപ്പെടാന്‍ കാരണമായതും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.

Content Highlight: india welcomes iran saudi diplomatic tie