| Wednesday, 12th February 2014, 12:56 pm

ഇന്ത്യ എട്ട് വര്‍ഷത്തിനിടെ നശിപ്പിച്ചത് 1.94 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]താനെ: കോടിക്കണക്കിന് ജനങ്ങള്‍ രാജ്യത്ത് ഭക്ഷണം കിട്ടാതെ ജീവിക്കുമ്പോഴും പട്ടിണി മൂലം നിരവധി ജീവനുകള്‍ മരണത്തിന് കീഴ്‌പെടുമ്പോഴും എട്ട് വര്‍ഷത്തിനിടെ ഇന്ത്യ നശിപ്പിച്ചത് 1.94 ടണ്‍ ഭക്ഷ്യധാന്യം.

2005 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് അധികൃതരുടെ പിഴവ് മൂലം ഇത്രയും ഭക്ഷ്യധാന്യം പാഴായിപ്പോയത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

ആര്‍.ടി.ഐ ആക്ടിവിസ്റ്റായ ഓം പ്രകാശ് ശര്‍മ്മ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഈ ഞെട്ടിക്കുന്ന കണക്ക്.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 23 മേഖലകളിലെ ഗോഡൗണുകളില്‍ നിന്നായാണ് എട്ട് വര്‍ഷത്തിനിടെ 1.94 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ നശിപ്പിച്ചത്. 2005-06 കാലഘട്ടത്തില്‍ 95075 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ 2012-13 കാലത്ത് അത് 3148 മെട്രിക് ടണ്‍ ആയി കുറഞ്ഞു.

2006-07 കാലഘട്ടത്തില്‍ 25353 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് നശിച്ചത്. നശിച്ചുപോയതില്‍ 84 ശതമാനം അരിയും 14 ശതമാനം ഗോതമ്പുമാണ്.

നശിച്ചുപോയ ഭക്ഷ്യധാന്യങ്ങളില്‍ 50 ശതമാനവും പഞ്ചാബിലെ ഫുഡ് കോര്‍പ്പറേഷന്‍ സംഭരണശാലകളിലേതാണ്. പഞ്ചാബില്‍ നശിച്ചുപോയത് 98200 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് നശിച്ചുപോയത്. മഹാരാഷ്ട്രയില്‍ 20067 മെട്രിക് ടണ്‍ ഭക്ഷ്യധാന്യവും നശിച്ചു.

യു.എന്‍ കണക്കുപ്രകാരം പട്ടിണിമരണങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. പട്ടിണിമൂലം കിഡിനി വില്‍ക്കുന്നതും കുഞ്ഞുങ്ങളെ വില്‍ക്കുന്നതും മറ്റും രാജ്യത്ത് വര്‍ധിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അധികൃതരുടെ ഇത്തരം വന്‍ അനാസ്ഥ വലിയ ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

We use cookies to give you the best possible experience. Learn more