മോദി സ്തുതിക്കായി ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം:ചൈനീസ് മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍
Daily News
മോദി സ്തുതിക്കായി ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം:ചൈനീസ് മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2015, 10:10 am

chinese ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കാന്‍ ജേണലിസം യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ ആലോചിക്കുന്നു. ചൈനീസ് സര്‍ക്കാറിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റിയുടെ മാതൃക പിന്തുടര്‍ന്ന് ഇന്ത്യയിലും ഇത്തരത്തിലുള്ള സ്ഥാപനം തുടങ്ങാനാണ് മോദിസര്‍ക്കാര്‍ ആലോചിക്കുന്നത്.

200 കോടി രൂപയാണ് ഇതിനു ചിലവു പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ മീഡിയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ അടിസ്ഥാനപരമായി ജേണലിസം സ്‌കൂളുകളാണെന്നും അതിലും മികച്ച യൂണിവേഴ്‌സിറ്റിയെന്ന ഉദ്ദേശ്യത്തിലാണ് ബെയ്ജിങ് മോഡല്‍ തെരഞ്ഞെടുക്കുന്നത് എന്നുമാണ് വിവരസാങ്കേതിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇതുസംബന്ധിച്ച് നല്‍കുന്ന വിശദീകരണം.

അതേസമയം, സര്‍ക്കാറിന്റെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിലൂടെ ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താവ് ആക്കിയതുപോലെ ഇന്ത്യന്‍ മാധ്യമങ്ങളെ മോദി സര്‍ക്കാറിന്റെ പ്രചാരകരാക്കി മാറ്റാനുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.

ചൈനീസ് യൂണിവേഴ്‌സിറ്റികളില്‍ വീഡിയോ എഡിറ്റിങ്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് എന്നിവ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ചൈനീസ് സര്‍ക്കാറിന്റെ സെന്‍സര്‍ഷിപ്പിനു വിധേയമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ച വിദ്യാഭ്യാസം മാത്രമാണ് ഇത്തരം സ്ഥാപനങ്ങളിലുള്ളവര്‍ക്ക് നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളിലൂടെ പുറത്തുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാറിന്റെ തീരുമാനങ്ങളും പത്രസമ്മേളനം യാതൊരു എതിരഭിപ്രായവും രേഖപ്പെടുത്താതെ അതേപോലെ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.

15,000ത്തോളം വിദ്യാര്‍ത്ഥികളുള്ള ചൈനയിലെ കമ്മ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ കല, ഡിസൈന്‍, പബ്ലിക് റിലേഷന്‍, പരസ്യനിര്‍മാണം എന്നിവ പഠിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നും ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ ചൈനീസ് സര്‍ക്കാറിനു കീഴിലുള്ള സി.സി.ടി.വി പോലുള്ള സ്ഥാപനങ്ങളിലേക്കാണ് ചേക്കേറുന്നത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയും പ്രഫഷണലിസവുമൊന്നും അവിടെ കാണാനാവില്ല. നമ്മള്‍ മാധ്യമങ്ങളിലൂടെ കേള്‍ക്കാനാഗ്രഹിക്കുന്ന ശബ്ദവും മനോഭാവങ്ങളുമെല്ലാം വീണ്ടും വീണ്ടം സര്‍ക്കാര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ഭരണകര്‍ത്താക്കള്‍ അഴിമതി നടത്തിയാലും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചാലും ആരെയെങ്കിലും കൊന്നാല്‍ തന്നെയും മാധ്യമങ്ങള്‍ അനുമതിയില്ലാതെ റിപ്പോര്‍ട്ടു ചെയ്യാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വിഷയത്തിലും സ്വാതന്ത്ര്യത്തോടെ എഴുതാനോ നിലപാടുകള്‍ അവതരിപ്പിക്കാനോ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയില്ല. കാരണം സര്‍ക്കാറിന്റെ വക്താവായാണ് ചൈനീസ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് മാത്രമല്ല ബാധകം. എന്നാല്‍ അടുത്തകാലത്തായി നവമാധ്യമങ്ങളിലൂടെയും മറ്റുമുള്ള അഭിപ്രായപ്രകടനങ്ങള്‍ക്കുനേരെ സെന്‍സര്‍ഷിപ്പുമായി രാജ്യവും ഭരണവര്‍ഗവും കടന്നുവരുന്നുണ്ട്. രാജ്യസുരക്ഷയേയും പൊതുസമാധാനത്തേയും ബാധിക്കുന്ന അഭിപ്രായ പ്രകടനങ്ങളെ ഭരണഘടന എതിര്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഇടപെടല്‍. ഈ സെന്‍സര്‍ഷിപ്പ് മോദി കാലഘട്ടത്തില്‍ കൂടുതല്‍ വ്യാപിച്ച് മുഖ്യധാര മാധ്യമങ്ങളെക്കൂടി ബാധിക്കുമെന്ന ആശങ്ക ഇതിനകം തന്നെയുണ്ട്.

കഴിഞ്ഞവര്‍ഷം മെയ്യില്‍ അധികാരത്തിലേറിയ ശേഷം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മാധ്യമ സമ്പര്‍ക്കം സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുണ്ട്്. അദ്ദേഹത്തിന്റെ വിദേശ യാത്രകളില്‍ സര്‍ക്കാറിനു കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളെ മാത്രമാണ് കൂടെകൊണ്ടുപോകാറുള്ളത്.

ഇപ്പോള്‍ തന്നെ പലവിധ നിയന്ത്രണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ ഇനിയും അടിച്ചമര്‍ത്താനുള്ള നീക്കമായേ മാധ്യമസ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനെ കാണാനാവൂ.