കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്ത്യ; പറ്റില്ലെന്ന് കാനഡ
World News
കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്ത്യ; പറ്റില്ലെന്ന് കാനഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 3:09 pm

ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഇന്ത്യ. കാനഡയില്‍വെച്ച് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തള്ളിയ കാനഡ ഇന്ത്യയുടെ ആവശ്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ ക്രമിനന്‍ കേസ്‌ ചട്ടങ്ങള്‍ പ്രകാരം കേസില്‍ ഉള്‍പ്പെട്ട പ്രതി മരണപ്പെട്ടാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് മരണപ്പെട്ടയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അക്കാരണത്താലാണ് ഇന്ത്യ നിജ്ജറിന്റെ മരണസര്‍ട്ടിഫിക്കറ്റ് കാനഡയോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇന്ത്യയുടെ ഈ ആവശ്യത്തിനോട് മുഖം തിരിച്ച കാനഡ എന്തിനാണ് സര്‍ട്ടിഫിക്കറ്റ് എന്ന് തിരിച്ച് ചോദിക്കുകയാണുണ്ടായതെന്നും ഒരു അജ്ഞാത വ്യക്തിയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2021ല്‍ പഞ്ചാബില്‍ മാത്രം നിജ്ജറിനും കൂട്ടാളികളായ അര്‍ഷ്ദീപ് സിംഗ്, ദല്ല, ലഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

10 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ കാനഡയില്‍ നിന്ന് ഇന്ത്യക്ക് കൈമാറാന്‍  പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ കാനഡ ഇതുവരെ അതിനെതിരെ യാതൊരു വിധ നടപടികളും എടുത്തിരുന്നില്ല. അവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കനേഡിയന്‍ പൗരന്മാരാണെന്നും ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകളില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും രഹസ്യ വിവരങ്ങള്‍ മാത്രമാണ് പങ്കുവെച്ചതെന്നും ട്രൂഡോ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുള്‍പ്പെടെയുള്ള ആറ് നയതന്ത്ര പ്രതിനിധികള്‍ക്ക് പങ്കുണ്ടെന്നും ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. അതിന് പിന്നാലെ ഇന്ത്യ ഈ നാല് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Content Highlight: India wants to produce death certificate of slain Khalistan leader Hardeep Singh Niger; Canada disagrees