| Wednesday, 19th June 2024, 10:04 pm

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ഇതുവരെ സംഭവിച്ചിട്ടില്ല; നാല് താരങ്ങളും ചേര്‍ന്ന് നേടിയ ഒറ്റ റെക്കോഡ്, ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് വനിതകള്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ഥാനയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

മന്ഥാന 120 പന്തില്‍ 136 റണ്‍സടിച്ചപ്പോള്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ഥാനയുടെ ഏഴാം സെഞ്ച്വറിയും ഹര്‍മന്റെ ആറാം സെഞ്ച്വറിയുമാണിത്.

ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും സെഞ്ച്വറിയടിച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക മറുപടി നല്‍കിയത് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെയും സൂപ്പര്‍ താരം മാരിസന്‍ കാപ്പിന്റെയും സെഞ്ച്വറികളിലൂടെയാണ്.

ലോറ വോള്‍വാര്‍ഡ് 12 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 135 പന്തില്‍ പുറത്താകാതെ 135 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 114 റണ്‍സാണ് കാപ്പ് നേടിയത്. മൂന്ന് സിക്‌സറും 11 ബൗണ്ടറിയുമാണ് കാപ്പിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പിറന്നത്. വനിതാ ഏകദിനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരത്തില്‍ നാല് സെഞ്ച്വറികള്‍ പിറവിയെടുക്കുന്നത്.

മന്ഥാനക്കും ഹര്‍മനും പുറമെ അവസാന ഓവറുകളിലിറങ്ങി തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി. 13 പന്ത് നേരിട്ട് ഒരു സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 25 റണ്‍സാണ് താരം നേടിയത്. 17 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 14 നില്‍ക്കവെ 11 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ടാസ്മിന്‍ ബ്രിറ്റ്‌സിന്റെ വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. ആനേക് ബോഷ് 23 പന്തില്‍ 18 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂനെ ലസ് 12 റണ്‍സിനും പുറത്തായി.

എന്നാല്‍ അഞ്ചാം നമ്പറില്‍ മാരിസന്‍ കാപ്പ് എത്തിയതോടെ സൗത്ത് ആഫ്രിക്ക മത്സരം തിരിച്ചുപിടിച്ചു. ഒരുവശത്ത് കാപ്പ് ആഞ്ഞടിച്ച് റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും സ്‌കോര്‍ ചെയ്തു. ഇരുവരും മാറി മാറി ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഒന്നിച്ച് ഈ കൂട്ടുകെട്ട് പിരിയുന്നത് 251ലാണ്. പൂജ വസ്ത്രാര്‍ക്കറിന്റെ കയ്യിലൊതുങ്ങി പുറത്താകുമ്പോള്‍ 94 പന്തില്‍ 114 റണ്‍സാണ് താരം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. മാരിസന്‍ കാപ്പ് പുറത്തായതിന് പിന്നാലെ നാദിന്‍ ഡി ക്ലാര്‍ക് ക്രീസിലെത്തി. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ക്ലാര്‍ക്കും റണ്ണടിച്ചുതുടങ്ങി.

ഒടുവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. ആറ് വിക്കറ്റ് ശേഷിക്കെ 12 പന്തില്‍ 23 റണ്‍സ് മാത്രമാണ് ടീമിന് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി വോള്‍വാര്‍ഡും ക്ലാര്‍ക്കും മികച്ച രീതിയിലാണ് ക്രീസില്‍ തുടര്‍ന്നത്.

അരുന്ധതി റെഡ്ഡിയെറിഞ്ഞ 49ാം ഓവറില്‍ രണ്ട് വൈഡ് അടക്കം 12 റണ്‍സ് പിറന്നതോടെ ആറ് പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍ സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം വഴിമാറി.

അവസാന ഓവര്‍ എറിയാന്‍ പൂജ വസ്ത്രാര്‍ക്കറിനെയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വിശ്വസിച്ച് പന്തേല്‍പിച്ചത്. ക്യാപ്റ്റന്റെ വിശ്വാസം കാത്ത പൂജ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ക്ലാര്‍ക്കിന്റേതടക്കം രണ്ട് വിക്കറ്റും താരം നേടി.

ഒടുവില്‍ 50 ഓവറില്‍ 321/6 എന്ന നിലയില്‍ സൗത്ത് ആഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യക്കായി ദീപ്തി ശര്‍മയും പൂജ വസ്ത്രാര്‍ക്കറും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്മൃതി മന്ഥാനയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും നേടി.

646 റണ്‍സ് പിറന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര വിജയിക്കാനും ഇന്ത്യക്കായി.

ജൂണ്‍ 23നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content highlight: India W vs South Africa W: Smriti Mandhana, Harmanpreet Kaur, Laura Wolvaardt and Marizanne Kapp created the record of first ever women’s ODI with 4 hundreds.

Latest Stories

We use cookies to give you the best possible experience. Learn more