| Wednesday, 19th June 2024, 11:13 pm

നൂറും വിക്കറ്റും, ചരിത്രത്തില്‍ ഇത് മൂന്നാമത് മാത്രം; കരിയറിലെ ആദ്യ വിക്കറ്റില്‍ ഐക്കോണിക് ഡബിള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് മുമ്പിലെത്താനും മൂന്നാം മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചത്.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ഥാനയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. മന്ഥാന 120 പന്തില്‍ 136 റണ്‍സടിച്ചപ്പോള്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ഥാനയുടെ ഏഴാം സെഞ്ച്വറിയും ഹര്‍മന്റെ ആറാം സെഞ്ച്വറിയുമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 321/6ലൊതുങ്ങി.

പ്രോട്ടിയാസിനെതിരെ സെഞ്ച്വറി നേടിയതിനൊപ്പം ഒരു വിക്കറ്റും മന്ഥാന നേടിയിരുന്നു. നാലാം നമ്പറിലിറങ്ങിയ സൂനെ ലസിനെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചാണ് മന്ഥാന തന്റെ ഏകദിന കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.

മത്സരത്തില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ് 13 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡും മന്ഥാന തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറിയും ചുരുങ്ങിയത് ഒരു വിക്കറ്റും നേടുന്ന മൂന്നാമത് ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് ഇതോടെ മന്ഥാന സ്വന്തമാക്കിയത്.

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2013ല്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ് ഹര്‍മന്‍ ഈ ഐക്കോണിക് ഡബിള്‍ തന്റെ പേരില്‍ കുറിച്ചത്.

ബാറ്റിങ്ങില്‍ 100 പന്ത് നേരിട്ട് 103 റണ്‍സ് നേടിയ താരം രണ്ട് വിക്കറ്റാണ് പിഴുതത്. സൂപ്പര്‍ താരം റിതു മോനിയും ജഹനാര ആലവുമാണ് ഹര്‍മന്റെ പന്തില്‍ തിരിച്ചുനടന്നത്. ആറ് ഓവര്‍ പന്തെറിഞ്ഞ് വെറും 30 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഹര്‍മന്റെ വിക്കറ്റ് നേട്ടം.

ശേഷം 2017ല്‍ ദീപ്തി ശര്‍മയിലൂടെയാണ് ഈ നേട്ടം വീണ്ടും കുറിക്കപ്പെട്ടത്. അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവുമുയര്‍ന്ന ഏകദിന ടോട്ടല്‍ എന്ന നിലയില്‍ ചരിത്രമെഴുതിയ അതേ മത്സരത്തിലാണ് ദീപ്തിയും ചരിത്രം കുറിച്ചത്.

ബാറ്റിങ്ങില്‍ 160 പന്തില്‍ 188 റണ്‍സാണ് താരം നേടിയത്. 27 ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ബൗളിങ്ങില്‍ രണ്ട് മെയ്ഡനടക്കം ആറ് ഓവര്‍ പന്തെറിഞ്ഞ് വെറും 15 റണ്‍സാണ് താരം വഴങ്ങിയത്. ഓപ്പണര്‍ ലേ പോളിന്റെ വിക്കറ്റാണ് മത്സരത്തില്‍ ശര്‍മ പിഴുതെറിഞ്ഞത്.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ഥാനയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

മന്ഥാന 120 പന്തില്‍ 136 റണ്‍സടിച്ചപ്പോള്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ഥാനയുടെ ഏഴാം സെഞ്ച്വറിയും ഹര്‍മന്റെ ആറാം സെഞ്ച്വറിയുമാണിത്.

ഇരുവര്‍ക്കും പുറമെ പുറമെ അവസാന ഓവറുകളിലിറങ്ങി തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി. 13 പന്ത് നേരിട്ട് ഒരു സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 25 റണ്‍സാണ് താരം നേടിയത്. 17 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 14 നില്‍ക്കവെ 11 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ടാസ്മിന്‍ ബ്രിറ്റ്‌സിന്റെ വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. ആനേക് ബോഷ് 23 പന്തില്‍ 18 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂനെ ലസ് 12 റണ്‍സിനും പുറത്തായി.

എന്നാല്‍ അഞ്ചാം നമ്പറില്‍ മാരിസന്‍ കാപ്പ് എത്തിയതോടെ സൗത്ത് ആഫ്രിക്ക മത്സരം തിരിച്ചുപിടിച്ചു. ഒരുവശത്ത് കാപ്പ് ആഞ്ഞടിച്ച് റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും സ്‌കോര്‍ ചെയ്തു. ഇരുവരും മാറി മാറി ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഒന്നിച്ച് ഈ കൂട്ടുകെട്ട് പിരിയുന്നത് 251ലാണ്. പൂജ വസ്ത്രാര്‍ക്കറിന്റെ കയ്യിലൊതുങ്ങി പുറത്താകുമ്പോള്‍ 94 പന്തില്‍ 114 റണ്‍സാണ് താരം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. മാരിസന്‍ കാപ്പ് പുറത്തായതിന് പിന്നാലെ നാദിന്‍ ഡി ക്ലാര്‍ക് ക്രീസിലെത്തി.

ഒടുവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. ആറ് വിക്കറ്റ് ശേഷിക്കെ 12 പന്തില്‍ 23 റണ്‍സ് മാത്രമാണ് ടീമിന് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി വോള്‍വാര്‍ഡും ക്ലാര്‍ക്കും മികച്ച രീതിയിലാണ് ക്രീസില്‍ തുടര്‍ന്നത്.

അരുന്ധതി റെഡ്ഡിയെറിഞ്ഞ 49ാം ഓവറില്‍ രണ്ട് വൈഡ് അടക്കം 12 റണ്‍സ് പിറന്നതോടെ ആറ് പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍ സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം വഴിമാറി.

അവസാന ഓവര്‍ എറിയാന്‍ പൂജ വസ്ത്രാര്‍ക്കറിനെയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വിശ്വസിച്ച് പന്തേല്‍പിച്ചത്. ക്യാപ്റ്റന്റെ വിശ്വാസം കാത്ത പൂജ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ക്ലാര്‍ക്കിന്റേതടക്കം രണ്ട് വിക്കറ്റും താരം നേടി.

ഒടുവില്‍ 50 ഓവറില്‍ 321/6 എന്ന നിലയില്‍ സൗത്ത് ആഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യക്കായി ദീപ്തി ശര്‍മയും പൂജ വസ്ത്രാര്‍ക്കറും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്മൃതി മന്ഥാനയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും നേടി.

Content highlight: India W vs South Africa W: Smriti Mandhana becomes 3rd Indian female cricketer to score a century and at least one wicket in same match

We use cookies to give you the best possible experience. Learn more