സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ഇരുവരും കരിയറിലെ മറ്റൊരു മികച്ച നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും ഒന്നാം വിക്കറ്റില്‍ കാര്യമായി സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ല. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കവെ ഷെഫാലി വര്‍മ പുറത്തായി. 38 പന്തില്‍ 20 റണ്‍സ് നേടിയാണ് ഷെഫാലി തിരികെ പവലിയനിലേക്ക് മടങ്ങിയത്.
പിന്നാലെയെത്തിയ ഡയലന്‍ ഹേമലതയും പതിയെയാണ് ബാറ്റ് വീശിയത്. എന്നാല്‍ മറുതലയ്ക്കല്‍ നിന്ന് മന്ഥാന മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.
ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെ ഹേമലതയെ പുറത്താക്കി മസാബത ക്ലാസ് ബ്രേക് ത്രൂ നല്‍കി.
എന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറെത്തിയതോടെ ഇരുവരും ചേര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ബൗളിങ് ലൈനപ്പിനെ കടന്നാക്രമിച്ചു. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മന്ഥാന-കൗര്‍ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുനടത്തിയത്.
ഇതിനിടെ മന്ഥാന തന്റെ വ്യക്തിഗത സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മന്ഥാന ട്രിപ്പിള്‍ ഡിജിറ്റ് മാര്‍ക് മറികടക്കുന്നത്. ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറി നേട്ടമാണ് മന്ഥാന തന്റെ ഐ.പി.എല്‍ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ കുറിച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും മന്ഥാന സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയിരുന്നു. 127 പന്തില്‍ 117 റണ്‍സാണ് ഇതേ സ്റ്റേഡിയത്തില്‍ മന്ഥാന കണ്ടെത്തിയത്.
സെഞ്ച്വറി നേട്ടത്തില്‍ അവസാനിപ്പിക്കാതെ മന്ഥാന വീണ്ടും ഹര്‍മനെ ഒപ്പം കൂട്ടി സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. വൈസ് ക്യാപ്റ്റന് നിറഞ്ഞ പിന്തുണയുമായി ക്യാപ്റ്റന്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഒടുവില്‍ ടീം സ്‌കോര്‍ 271ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി മന്ഥാന തിരിച്ചുനടന്നു. നോന്‍കുലുലേക്കോ മലാബയുടെ പന്തില്‍ ടാസ്മിന്‍ ബ്രിറ്റ്‌സിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
46ാം ഓവറിലെ നാലാം പന്തില്‍ പുറത്താകും മുമ്പ് 136 റണ്‍സാണ് മന്ഥാന തന്റെ പേരില്‍ കുറിച്ചത്. നേരിട്ട 120ാം പന്തില്‍ പുറത്താകുന്നതിന് മുമ്പ് 18 ബൗണ്ടറികളും രണ്ട് സിക്‌സറുകളും താരം സ്വന്തമാക്കിയിരുന്നു. 113.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷാണ് കളത്തിലെത്തിയത്. ക്രീസിലെത്തിയ നിമിഷം മുതല്‍ക്കുതന്നെ റിച്ച ഘോഷും അറ്റാക്കിങ് ക്രിക്കറ്റ് തന്നെ പുറത്തെടുത്തു. ഒപ്പം ഹര്‍മനും തന്റെ ക്ലാസ് വ്യക്തിമാക്കി റണ്ണടിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ 299ാം പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും സെഞ്ച്വറി പൂര്‍ത്തിയാക്കി. 88 പന്തില്‍ നിന്നും പുറത്താകാതെ 103 റണ്‍സാണ് താരം നേടിയത്. നോന്‍കുലുലേക്കോ മലാബയെ ബൗണ്ടറിയടിച്ചാണ് ഹര്‍മന്‍ കരിയറിലെ തന്റെ ആറാം സെഞ്ച്വറി നേട്ടം കുറിച്ചത്.
ഒടുവില്‍ 50 ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 325ന് മൂന്ന് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഹര്‍മന് പുറമെ 13 പന്തില്‍ 25 റണ്‍സുമായി റിച്ച ഘോഷും തിളങ്ങി. 26 പന്തില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് നാലാം വിക്കറ്റില്‍ ഇരുവരും തിളങ്ങിയത്.
സൗത്ത് ആഫ്രിക്കക്കായി മലാബ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്ലാസ് ഒരു വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യക്ക് ഈ മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ മൂന്നാം മാച്ചിന് മുമ്പ് തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Content Highlight: India W vs South Africa W: Smriti Mandhana and Harmanpreet Kaur scored century