സൗത്ത് ആഫ്രിക്കന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.
പ്രോട്ടിയാസ് ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം 56 പന്തും ആറ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ക്ലീന്‍ സ്വീപ് ചെയ്യാനും ഇന്ത്യക്കായി.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.
വോള്‍വാര്‍ഡ് 57 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 61 റണ്‍സ് നേടി. 66 പന്തില്‍ 38 റണ്‍സ് നേടിയ ടാസ്മിന്‍ ബ്രിറ്റ്‌സാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
31 പന്തില്‍ 26 റണ്‍സടിച്ച മീക് ഡി റിഡ്ഡറും 46 പന്തില്‍ 26 റണ്‍സ് നേടിയ നാദിന്‍ ഡി ക്ലാര്‍ക്കും ടോട്ടലിലേക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.
ഇന്ത്യക്കായി ദീപ്തി ശര്‍മയും അരുന്ധതി റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ശ്രേയാങ്ക പാട്ടീലും പൂജ വസ്ത്രാര്‍ക്കറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥാനയുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ മന്ഥാന അവസാന ഏകദിനത്തിലും സെഞ്ച്വറി പ്രതീതി ജനിപ്പിച്ച ശേഷമാണ് മടങ്ങിയത്.
83 പന്തില്‍ 11 ബൗണ്ടറിയടക്കം 90 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 48 പന്തില്‍ 42 റണ്‍സടിച്ചു. പ്രിയ പൂനി (40 പന്തില്‍ 28), ഷെഫാലി വര്‍മ (39 പന്തില്‍ 25) എന്നിവരാണ് മറ്റ് റണ്‍വേട്ടക്കാര്‍.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മന്ഥാന സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് മന്ഥാന നേടിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 127 പന്തില്‍ 117 റണ്‍സ് നേടിയ മന്ഥാന രണ്ടാം മത്സരത്തില്‍ 120 പന്തില്‍ 136 റണ്‍സും നേടി.
പരമ്പരയില്‍ 114.33 ശരാശരിയിലും 103.93 സ്‌ട്രൈക്ക് റേറ്റിലും 343 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
മൂന്നാം ഏകദിനത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ കളിയിലെ താരമായപ്പോള്‍ മൂന്ന് മത്സരത്തിലും തിളങ്ങിയ മന്ഥാനയാണ് പരമ്പരയിലെ താരമായത്.
പ്രോട്ടിയാസിനെതിരെ വണ്‍ ഓഫ് ടെസ്റ്റാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ചെപ്പോക്കിലാണ് ടെസ്റ്റ് അരങ്ങേറുന്നത്. ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും സൗത്ത് ആഫ്രിക്ക ഇന്ത്യയില്‍ കളിക്കും.
Content highlight: India W vs South Africa W: India won the series