സൗത്ത് ആഫ്രിക്കന്‍ വനിതളുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന് 325 റണ്‍സെന്ന ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മന്ഥാന 120 പന്തില്‍ 136 റണ്‍സടിച്ചപ്പോള്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ഥാനയുടെ ഏഴാം സെഞ്ച്വറിയും ഹര്‍മന്റെ ആറാം സെഞ്ച്വറിയുമാണിത്.
ഇരുവരുടെയും വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പിറവിയെടുത്തത്. ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇന്ത്യന്‍ മണ്ണില്‍ 300 കടക്കുന്നതും ഇതാദ്യമായാണ്.\
ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന ടോട്ടല്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
325/3 – സൗത്ത് ആഫ്രിക്ക – ബെംഗളൂരു – 2024
298/2 – വെസ്റ്റ് ഇന്‍ഡീസ് – ദന്‍ബാദ് – 2004
284/6 – വെസ്റ്റ് ഇന്‍ഡീസ് – ബ്രാബോണ്‍ സ്‌റ്റേഡിയം – 2013
282/8 – ഓസ്‌ട്രേലിയ – വാംഖഡെ – 2023
266/4 – സൗത്ത് ആഫ്രിക്ക – ലഖ്‌നൗ – 2021
ഇതിന് പുറമെ വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ മൂന്നാമത് ഉയര്‍ന്ന ടോട്ടല്‍ കൂടിയാണ് ചിന്നസ്വാമിയില്‍ പിറവിയെടുത്തത്. ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഇന്ത്യന്‍ ടോട്ടല്‍ 300 കടക്കുന്നത്.
ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന ടോട്ടല്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
358/2 – അയര്‍ലന്‍ഡ് – സെന്‍വെസ് പാര്‍ക് – 2017
333/5 – ഇംഗ്ലണ്ട് – കാന്റര്‍ബറി – 2022
325/3 – സൗത്ത് ആഫ്രിക്ക – ബെംഗളൂരു – 2024
317/8 – വെസ്റ്റ് ഇന്‍ഡീസ് – ഹാമില്‍ട്ടണ്‍ – 2022
302/3 – സൗത്ത് ആഫ്രിക്ക – കിംബെര്‍ലി – 2018
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ഒന്നാം വിക്കറ്റില്‍ കാര്യമായി സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ല. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കവെ ഷെഫാലി വര്‍മ പുറത്തായി. 38 പന്തില്‍ 20 റണ്‍സ് നേടിയാണ് ഷെഫാലി തിരികെ പവലിയനിലേക്ക് മടങ്ങിയത്.
പിന്നാലെയെത്തിയ ഡയലന്‍ ഹേമലതയും പതിയെയാണ് ബാറ്റ് വീശിയത്. എന്നാല്‍ മറുതലയ്ക്കല്‍ നിന്ന് മന്ഥാന മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.
ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെ ഹേമലതയെ പുറത്താക്കി മസാബത ക്ലാസ് ബ്രേക് ത്രൂ നല്‍കി.
എന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറെത്തിയതോടെ ഇരുവരും ചേര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ബൗളിങ് ലൈനപ്പിനെ കടന്നാക്രമിച്ചു. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മന്ഥാന-കൗര്‍ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുനടത്തിയത്.
ഇതിനിടെ മന്ഥാന തന്റെ വ്യക്തിഗത സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറി നേട്ടമാണ് മന്ഥാന തന്റെ ഐ.പി.എല്‍ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ കുറിച്ചത്.
ഒടുവില്‍ ടീം സ്‌കോര്‍ 271ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി മന്ഥാന തിരിച്ചുനടന്നു. നോന്‍കുലുലേക്കോ മലാബയുടെ പന്തില്‍ ടാസ്മിന്‍ ബ്രിറ്റ്‌സിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
46ാം ഓവറിലെ നാലാം പന്തില്‍ പുറത്താകും മുമ്പ് 136 റണ്‍സാണ് മന്ഥാന തന്റെ പേരില്‍ കുറിച്ചത്. നേരിട്ട 120ാം പന്തില്‍ പുറത്താകുന്നതിന് മുമ്പ് 18 ബൗണ്ടറികളും രണ്ട് സിക്‌സറുകളും താരം സ്വന്തമാക്കിയിരുന്നു. 113.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷാണ് കളത്തിലെത്തിയത്. ക്രീസിലെത്തിയ നിമിഷം മുതല്‍ക്കുതന്നെ റിച്ച ഘോഷും അറ്റാക്കിങ് ക്രിക്കറ്റ് തന്നെ പുറത്തെടുത്തു. ഒപ്പം ഹര്‍മനും തന്റെ ക്ലാസ് വ്യക്തിമാക്കി റണ്ണടിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ അവസാന ഓവറിലെ അഞ്ചാം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും സെഞ്ച്വറി പൂര്‍ത്തിയാക്കി. 87 പന്തില്‍ നിന്നും പുറത്താകാതെ 102 റണ്‍സാണ് താരം നേടിയത്. നോന്‍കുലുലേക്കോ മലാബയെ ബൗണ്ടറിയടിച്ചാണ് ഹര്‍മന്‍ കരിയറിലെ തന്റെ ആറാം സെഞ്ച്വറി നേട്ടം കുറിച്ചത്.
ഒടുവില്‍ 50 ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 325ന് മൂന്ന് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഹര്‍മന് പുറമെ 13 പന്തില്‍ 25 റണ്‍സുമായി റിച്ച ഘോഷും തിളങ്ങി. 26 പന്തില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് നാലാം വിക്കറ്റില്‍ ഇരുവരും തിളങ്ങിയത്.
സൗത്ത് ആഫ്രിക്കക്കായി മലാബ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്ലാസ് ഒരു വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യക്ക് ഈ മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ മൂന്നാം മാച്ചിന് മുമ്പ് തന്നെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Content Highlight: India W vs South Africa W: India scored highest ODI total in home soil