അത്യപൂര്‍വ അരങ്ങേറ്റത്തില്‍ തിളങ്ങി ശുഭ; തകര്‍ത്തടിച്ച് ദീപ്തിയും ജെമീമയും; കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ
Sports News
അത്യപൂര്‍വ അരങ്ങേറ്റത്തില്‍ തിളങ്ങി ശുഭ; തകര്‍ത്തടിച്ച് ദീപ്തിയും ജെമീമയും; കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 9:02 pm

ഇംഗ്ലണ്ട് വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരത്തില്‍ ആതിഥേയര്‍ക്ക് മികച്ച തുടക്കം. ആദ്യ ദിവസം കളയിവസാനിപ്പിക്കുമ്പോള്‍ 94 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും കൂടാരം കയറിയിരുന്നു. സ്മൃതി മന്ഥാന 12 പന്തില്‍ 17 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ 19 റണ്‍സാണ് ഷെഫാലി വര്‍മ നേടിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ സതീഷ് ശുഭയും ജമീമ റോഡ്രിഗസുമെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ശുഭ ആരാധകരുടെ മനം കര്‍ന്നത്. ടെസ്റ്റ് ഫോര്‍മാറ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുകയെന്ന അപൂര്‍വതയും താരത്തിന്റെ ഇന്നിങ്‌സിനുണ്ടായിരുന്നു. 76 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്.

ടീം സ്‌കോര്‍ 162ല്‍ നില്‍ക്കവെ ശുഭയെ പുറത്താക്കി സോഫി എക്കല്‍സ്റ്റോണാണ് കൂട്ടുകെട്ട് പൊളിച്ചത്. നാറ്റ് സ്‌കിവയര്‍-ബ്രണ്ടിന് ക്യാച്ച് നല്‍കിയായിരുന്നു ശുഭയുടെ മടക്കം.

ടീം സ്‌കോര്‍ 190ല്‍ നില്‍ക്കവെ ജെമീമയും പുറത്തായി. 99 പന്തില്‍ 68 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയവരില്‍ യാഷ്ടിക ഭാട്ടിയയും ദീപ്തി ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. യാഷ്ടിക 88 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ 95 പന്തില്‍ പുറത്താകാതെ 60 റണ്‍സായിരുന്നു ദീപ്തിയുടെ സമ്പാദ്യം.

അര്‍ധ സെഞ്ച്വറിയുടെ തൊട്ടരികില്‍ നില്‍ക്കവെ റണ്‍ ഔട്ടായാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയത്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് താരത്തിന് ക്രീസില്‍ കയറാന്‍ സാധിക്കാതെ പോയത്. 81 പന്തില്‍ 49 റണ്‍സാണ് കൗര്‍ നേടിയത്.

73 പന്തില്‍ 30 റണ്‍സ് നേടിയ സ്‌നേഹ് റാണയും മികച്ച പ്രകടനം പുറത്തെടുത്തു.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 410 എന്ന നിലയിലാണ് ഇന്ത്യ. 60 റണ്‍സടിച്ച ദീപ്തി ശര്‍മക്ക് പുറമെ 12 പന്തില്‍ നാല് റണ്‍സുമായി പൂജ വസ്ത്രാര്‍ക്കറുമാണ് ക്രീസില്‍.

ആദ്യ ദിനം ഇംഗ്ലണ്ടിനായ ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നാറ്റ് സ്‌കിവിയര്‍-ബ്രണ്ട്, ചാര്‍ളി ഡീന്‍, സോഫി എക്കല്‍സ്റ്റോണ്‍, കേറ്റ് ക്രോസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

 

Content Highlight: India W vs England W