ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് ഇന്ത്യ ബംഗ്ലാദേശില്‍ പര്യടനം നടത്തുന്നത്.
വുമണ്‍സ് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇരുവര്‍ക്കും ഇന്ത്യന്‍ സ്‌ക്വാഡിലേക്കുള്ള വിളിയെത്തിയത്. സജന മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളത്തിലിറങ്ങിയത്. ആശ ശോഭനയാകട്ടെ കിരീടമണിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെ നിര്‍ണായക സാന്നിധ്യവുമായിരുമന്നു.
ഡബ്ല്യൂ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നേരിട്ട ഒറ്റ പന്തില്‍ തന്നെ വിജയം നേടിക്കൊടുത്താണ് സജന സജീവന്‍ തിളങ്ങിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി മുംബൈയെ തോല്‍വിയില്‍ നിന്നും കരകയറ്റിയാണ് താരം ആരാധകരുടെ കയ്യടികളേറ്റുവാങ്ങിയത്.
യു.പി വാറിയേഴ്സിനെതിരായ മത്സരത്തില്‍ സോഫി എക്കല്‍സ്‌റ്റോണിനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിലൂടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരവും സജന സ്വന്തമാക്കിയിരുന്നു.
റൈറ്റ് ആം ഓഫ് ബ്രേക്ക് സ്പിന്നര്‍ കൂടിയായ താരം സീസണില്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. സീസണിലെ ഏറ്റവും മികച്ച ബൗളിങ് ശരാശരിയും (11.50) ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക്ക് റേറ്റും (6.00) സജനയുടെ പേരിലായിരുന്നു. ആഭ്യന്തര തലത്തിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ആശ ശോഭന തിളങ്ങിയത്. 12 വിക്കറ്റാണ് താരം നേടിയത്. ഒന്നാം സ്ഥാനത്തുള്ള തന്റെ സഹതാരം കൂടിയായ ശ്രേയാങ്ക പാട്ടീലിനെക്കാള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു താരത്തിന് കുറവുണ്ടായിരുന്നത്.
ഏപ്രില്‍ 28നാണ് ഇന്ത്യ – ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. സില്‍ഹെറ്റാണ് വേദി.
പരമ്പരയിലെ രണ്ടാം മത്സരം ഏപ്രില്‍ 30നും മൂന്നാം മത്സരം മെയ് രണ്ടിനും നടക്കും. മെയ് ആറ്, ഒമ്പത് തീയ്യതികളിലായാണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അരങ്ങേറുക.
ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്:
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ഡയലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രാര്‍കര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സായ്ക ഇഷാഖ്, ആശ ശോഭന, രേണുക സിങ് താക്കൂര്‍, ടിറ്റാസ് സാധു.
Content Highlight: India W vs Bangladesh W: India announces squad