17 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും തോറ്റില്ല; പെണ്‍പുലികളുടെ ടോട്ടല്‍ ഡോമിനേഷന്‍
Sports News
17 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും തോറ്റില്ല; പെണ്‍പുലികളുടെ ടോട്ടല്‍ ഡോമിനേഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2023, 2:59 pm

 

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റില്‍ പടുകൂറ്റന്‍ ജയം നേടി ഇന്ത്യ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 347 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണിത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 428 റണ്‍സ് നേടുകയും ഇംഗ്ലണ്ടിനെ 136ന് എറിഞ്ഞിടുകയും ചെയ്തു. 292 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 186ന് ആറ് എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

479 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയുടെ നിഴലില്‍ പോലും എത്താന്‍ സാധിച്ചില്ല. വെറും 131 റണ്‍സിന് ഇംഗ്ലണ്ട് വനിതകള്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ 347 റണ്‍സിന്റെ വിജയം തങ്ങളുടെ പേരില്‍ കുറിച്ചത്.

ഈ വിജയത്തിന് പിന്നാലെ 2006ന് ശേഷം ഒരിക്കല്‍ പോലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടം അരക്കിട്ടുറപ്പിക്കാനും ഇന്ത്യക്കായി. 2006ന് ശേഷം ഇന്ത്യ ആറ് മത്സരങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചപ്പോള്‍ അതില്‍ നാലെണ്ണത്തില്‍ വിജയിക്കുകയും രണ്ട് മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

2006ല്‍ ടോണ്‍ടണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 307 റണ്‍സ് ഇന്ത്യ നേടി. ആദ്യ ഇന്നിങ്സില്‍ വെറും 99 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് ഫോളോ ഓണ്‍ ചെയ്യേണ്ടി വരികയായിരുന്നു. 305 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് നേടിയത്. 97 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 92ന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 114 റണ്‍സാണ് ഇന്ത്യ നേടിയത്.

22 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 202 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

2015ല്‍ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് മിതാലിയും സംഘവും വീണ്ടും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കളത്തലിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 400ന് ആറ് എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ ചെയ്സ് ചെയ്ത് ലീഡുയര്‍ത്താനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് പിഴച്ചു. ആദ്യ ഇന്നിങ്സില്‍ 234 റണ്‍സിന് ഓള്‍ ഔട്ടായ പ്രോട്ടിയാസ് ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സില്‍ 132ന് ഓള്‍ ഔട്ടായി. ഇതോടെ ഇന്നിങ്സിനും 34 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഇന്ത്യ സമനില വഴങ്ങി. 2021ല്‍ ഇംഗ്ലണ്ടിനോടും 2022ല്‍ ഓസ്ട്രേലിയയോടുമായിരുന്നു ഇന്ത്യ സമനില സ്വന്തമാക്കിയത്.

രണ്ട് സമനിലക്ക് ശേഷം ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക വിജയമാണ് ഇന്ത്യ മഹാരാഷ്ട്രയില്‍ കുറിച്ചത്.

ഈ വര്‍ഷം മറ്റൊരു ടെസ്റ്റ് മത്സരം കൂടി ഇന്ത്യ കളിക്കും. ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് മറ്റൊരു വണ്‍ ഓഫ് ടെസ്റ്റ് ഇന്ത്യ കളിക്കുക. വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

 

Content Highlight: India W never lost a test since 2006