| Sunday, 14th August 2022, 10:36 am

വന്നു, കണ്ടു, ഇനി കീഴടക്കാന്‍ മാത്രം ബാക്കി; സഞ്ജുവിനിത് നിര്‍ണായകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സിംബാബ്‌വേ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം സിംബാബ്‌വേയിലെത്തി. ഏഷ്യാ കപ്പിന് മുമ്പുള്ള അവസാന പര്യടനം എന്ന നിലയിലാണ് ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം ശ്രദ്ധേയമാവുന്നത്.

കെ.എല്‍. രാഹുലിന്റെ മടങ്ങി വരവും, ക്യാപ്റ്റന്‍ സ്ഥാനം ശിഖര്‍ ധവാനില്‍ നിന്നും രാഹുലിന് കൊടുത്തതിന് പിന്നാലെയുള്ള വിവാദങ്ങളും പുകയുന്നതിനിടെയാണ് ഇന്ത്യന്‍ ടീം ഹരാരെയില്‍ എത്തിയിരിക്കുന്നത്.

മികച്ച ടീമിനെ തന്നെയാണ് ഇന്ത്യ പര്യടനത്തിനയച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ അടിത്തറയിളക്കിയ ഷെവ്‌റോണ്‍സിനെ ഇന്ത്യ ഒരിക്കലും നിസ്സാരമായി കാണില്ലെന്നുറപ്പാണ്.

മലയാളി താരം സഞ്ജു സാംസണും സ്‌ക്വാഡിനൊപ്പമുണ്ട്. നേരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനാവാന്‍ സാധ്യത കല്‍പിച്ചിരുന്ന സഞ്ജുവിന് കെ.എല്‍. രാഹുലിന്റെ മടങ്ങി വരവോടെ ആ സ്ഥാനം നഷ്ടമായിരുന്നു.

കെ.എല്‍. രാഹുല്‍ ക്യാപ്റ്റനായപ്പോള്‍, നേരത്തെ പ്രഖ്യാപിച്ചിരുന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുകയായിരുന്നു. ഇതോടെയാണ് സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലേക്ക് മാത്രം ഒതുങ്ങിയത്.

ടീമിനെ നയിക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തന്നെയാവും സഞ്ജു ഒരുങ്ങുന്നത്.

ഈ പരമ്പരയിലെ മികച്ച പ്രകടനത്തോടെ അടുത്ത ഏകദിന പരമ്പരകളിലും തന്റെ സാന്നിധ്യം ഉറപ്പാക്കുകയും നിരന്തരമായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച്, അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ.സി.സി മെന്‍സ് ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുക എന്ന ലക്ഷ്യം തന്നെയാവും സഞ്ജുവിനുള്ളത്.

ആ ലോങ് ടേം ഗോളിന് മുന്നോടിയായുള്ള ചെറിയ-വലിയ ചുവടുവെപ്പായിരിക്കും തുടര്‍ന്ന് വരുന്ന ഓരോ മത്സരങ്ങളും.

രാഹുല്‍ ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18, 20, 22 തിയതികളിലായാണ് മത്സരം നടക്കുന്നത്.

സിംബാബ്‌വേയിലെ ഹരാരെ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.

ഇന്ത്യ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.

സിംബാബ്‌വേ സ്‌ക്വാഡ്:

റയാന്‍ ബേള്‍, റെഗിസ് ചക്കാബ്‌വ, തനക ചിവാങ്ക, ബ്രാഡ്ലി ഇവാന്‍സ്, ലൂക് ജോങ്വേ, ഇന്നസെന്റ് കയിയ, തകുന്‍സാഷെ കെയ്റ്റാനോ, ക്ലൈവ് മദാന്തെ, വെസ്ലി മദേവേരെ, ചാഡിവാന്‍ഷെ മരുമാനി, ജോണ്‍ മസാര, ടോണി മുന്യോങ്ക, റിച്ചാഡ് എന്‍ഗരാവ, വിക്ടര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് തിരിപാനോ

Content Highlight: India vs Zimbabwe, Indian team Landed On Harare

We use cookies to give you the best possible experience. Learn more