രണ്ട് വിക്കറ്റ് കീപ്പര്‍മാരും ടീമില്‍; പുതിയ തന്ത്രങ്ങളുമായി ഇന്ത്യ
Sports News
രണ്ട് വിക്കറ്റ് കീപ്പര്‍മാരും ടീമില്‍; പുതിയ തന്ത്രങ്ങളുമായി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th August 2022, 1:07 pm

ഇന്ത്യ – സിംബാബ്‌വേ പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാവുകയാണ്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഹരാരെയില്‍ നടക്കുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടാണ് താരം ടീമില്‍ ഇടം നേടിയിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം, ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ രാഹുലും ധവാനുമാണ് ഓപ്പണര്‍മാര്‍. മൂന്നാമനായി ശുഭ്മന്‍ ഗില്ലാണ് കളത്തിലിറങ്ങുക.

നാലാമനായി ഇഷാന്‍ കിഷനും അഞ്ചാമനായി ദീപക് ഹൂഡയും ബാറ്റിങ്ങിനിറങ്ങും.

ആറാമനായിട്ടാണ് സഞ്ജു ഇറങ്ങുന്നത്. ഏഴാമനായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലുമിറങ്ങുന്നതോടെ മിഡില്‍ ഓര്‍ഡര്‍ സുശക്തമാവും.

ഏറെ കാലത്തിന് ശേഷം ദീപക് ചഹര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് സ്പിന്‍ ആക്രമണത്തിന് തിരികൊളുത്തുമ്പോള്‍ അക്‌സര്‍ പട്ടേലായിരിക്കും പിന്തുണയ്ക്കുന്നത്.

സിറാജും പ്രസിദ്ധ് കൃഷ്ണയും ഒപ്പം ചഹറും നയിക്കുന്ന പേസ് നിര ഷെവ്‌റോണ്‍സിനെ എറിഞ്ഞിടാന്‍ പോന്നതുതന്നെയാണ്.

രാഹുല്‍ ത്രിപാഠിയുടെ അരങ്ങേറ്റ മത്സരമാവും ഹരാരെയിലേതെന്ന് കരുതിയെങ്കിലും അതുണ്ടായില്ല ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാന്‍ എന്നിവരാണ് ബെഞ്ചിലിരിക്കുന്ന മറ്റ് താരങ്ങള്‍.

 

ഇന്ത്യ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

സിംബാബ്‌വേ പ്ലെയിങ് ഇലവന്‍

ചാഡിവാന്‍ഷെ മരുമാനി, ഇന്നസെന്റ് കയിയ, സീന്‍ വില്യംസ്, വെസ്ലി മദേവേരെ, സിക്കന്ദര്‍ റാസ, റെഗിസ് ചക്കാബ്വ (ക്യാപ്റ്റന്‍), റയാന്‍ ബേള്‍, ലൂക് ജോങ്വേ, ബ്രാഡ്‌ലി ഇവാന്‍സ്, തനക ചിവാങ്ക, വിക്ടര്‍ ന്യൂച്ചി,

 

Content Highlight: India vs Zimbabwe, India won the toss and chose to field