ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരമ്പര. രണ്ടാം ഏകദിനവും ഏകപക്ഷീയമായി ഇന്ത്യ കൈപ്പിടിയിലൊതുക്കിയതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തിന് സമാനമായി ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ഷെവ്‌റോണ്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ പുറത്തെടുത്തത്.
ബംഗ്ലാദേശിനെ തോല്‍പിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യയെ വെല്ലുവിളിച്ച ഇന്നസന്റ് കയിയയെ ഈ മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ നിലം തൊടീച്ചില്ല. കഴിഞ്ഞ മത്സരത്തേക്കാള്‍ മോശം സ്‌കോറാണ് സിംബാബ്‌വേ പടുത്തുയര്‍ത്തിയത്.
ഒരു ഡക്കുള്‍പ്പടെ ഏഴ് സിംബാബ്‌വേ താരങ്ങളാണ് ഒറ്റയക്കത്തിന് പുറത്തായത്. ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയ സിക്കന്ദര്‍ റാസ – റെഗിസ് ചക്കാബ്‌വ ദ്വയം രണ്ടാം ഏകദിനത്തിലും ദയനീയമായി പരാജയപ്പെട്ടു. 42 റണ്‍സെടുത്ത സീന്‍ വില്യംസും പുറത്താവാതെ 39 റണ്‍സെടുത്ത റയാന്‍ ബേളും മാത്രമാണ് അല്‍പെങ്കിലും പിടിച്ചുനിന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, മറ്റു ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാനം 161ന് ഷെവ്‌റോണ്‍സ് ഓള്‍ ഔട്ടാവുകയായിരുന്നു. എട്ട് ഓവര്‍ എറിഞ്ഞ് 16 റണ്‍സ് മാത്രം വിട്ടുനല്‍കിയ സിറാജിന്റെ സ്‌പെല്‍ അതിമനോഹരമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ നായകന്‍ കെ.എല്‍. രാഹുല്‍ ഒറ്റ റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യ ഒന്ന് പരുങ്ങി.