| Saturday, 6th July 2024, 9:46 am

ഇന്ത്യയിറങ്ങുന്നു, പാകിസ്ഥാനെതിരെയും ഷെവ്‌റോണ്‍സിനെതിരെയും; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഹരാരെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്.

ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ ഐ.പി.എല്ലില്‍ തിളങ്ങിയ യുവതാരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സൂപ്പര്‍ താരങ്ങളായ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും.

അതേസമയം, സഞ്ജു സാംസണ്‍ അടക്കമുള്ള ലോകകപ്പ് ജേതാക്കള്‍ സിംബാബ്‌വന്‍ ടൂറിനെത്തിയിട്ടില്ല. ഇവരുടെ യാത്ര വൈകുമെന്നതിനാല്‍ ജിതേഷ് ശര്‍മ, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ എന്നിവരെ ബി.സി.സി.ഐ പകരക്കാരായി പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലാണ് ഇവര്‍ ഇന്ത്യക്കായി കളിക്കുക.

യുവതാരം ശുഭ്മന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യയിറങ്ങുന്നത്.

അതേസമയം, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയാണ് ഷെവ്‌റേണ്‍സിനെ നയിക്കുന്നത്. റാസക്ക് പുറമെ ജോനാഥന്‍ കാംപ്‌ബെല്‍, താഡിവനാഷെ മരുമാണി, വെസ്‌ലി മധേവരെ അടക്കമുള്ള താരങ്ങളാണ് സിംബാബ് വേയുടെ കരുത്ത്.

ഇന്ത്യന്‍ സമയം, വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുന്നത്.

സിംബാബ്‌വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്‌വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്‌ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്സ്, ആന്റം നഖ്‌വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.

ഇന്ത്യന്‍ സ്‌ക്വാഡ് (ആദ്യ രണ്ട് മത്സരങ്ങള്‍)

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡേ.

അതേസമയം, ഇന്ത്യയുടെ മറ്റൊരു മത്സരം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെയാണ് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ ചാമ്പ്യന്‍സ് നേരിടാനൊരുങ്ങുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ടൂര്‍ണമെന്റാണിത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.

ഇതുവരെ കളിച്ച മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റം നടത്തുന്നത്. ഇരു ടീമുകളും നാല് പോയിന്റ് വീതമാണ് നേടിയതെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് മുമ്പില്‍. മികച്ച റണ്‍ റേറ്റാണ് ഇതിന് കാരണം.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെയും കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്.

ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് തകര്‍ത്തപ്പോള്‍ ഡി.എല്‍.എസ് നിയമപ്രകാരം 27 റണ്‍സിനാണ് കരീബിയന്‍ കരുത്തരെ യുവരാജും സംഘവും തകര്‍ത്തുവിട്ടത്.

ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെയും വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെയുമാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. അഞ്ച് വിക്കറ്റിന് ഓസ്‌ട്രേലിയയോട് ജയിച്ച പാകിസ്ഥാന്‍ 29 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പോരാട്ടത്തിന് കളമൊരുങ്ങുന്നത്.

ഇന്ത്യ ചാമ്പ്യന്‍സ് സ്‌ക്വാഡ്

യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ഗുര്‍കീരാത് മന്‍, രാഹുല്‍ ശര്‍മ, നമന്‍ ഓജ, രാഹുല്‍ ശുക്ല, ആര്‍.പി. സിങ്, വിനയ് കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, സൗരഭ് തിവാരി, അനുരീത് സിങ്, പവന്‍ നേഗി.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്‌ക്വാഡ്

യൂനിസ് ഖാന്‍, മിസ്ബ ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍, അബ്ദുള്‍ റസാഖ്, വഹാബ് റിയാസ്, സയീദ് അജ്മല്‍, സെഹൈല്‍ തന്‍വീര്‍, സൊഹൈല്‍ ഖാന്‍, തന്‍വീര്‍ അഹമ്മദ്, മുഹമ്മദ് ഹഫീസ്, ആമര്‍ യാമിന്‍, ഷൊയ്ബ് മാലിക്, സൊഹൈബ് മഖ്‌സൂദ്, ഷര്‍ജില്‍ ഖാന്‍, ഉമര്‍ അക്മല്‍.

Content highlight: India vs Zimbabwe 1st T20 and India Champions vs Pakistan Champions match will be play on Saturday

We use cookies to give you the best possible experience. Learn more